Saturday, August 30

കണ്ണൂരിലെ വീട്ടിൽ വൻസ്ഫോടനം, 2 പേർ കൊല്ലപ്പെട്ടു; ബോംബ് നിർമാണത്തിനിടെയെന്നു സംശയം

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. 2 പേർ കൊല്ലപ്പെട്ടു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി നടന്നത് എന്നാണ് സൂചന. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. അടുത്ത വീടുകൾക്കും കേടുപാടുണ്ടായിട്ടുണ്ട്. ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കീഴറയിലെ റിട്ട. അധ്യാപകൻ കീഴറ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്‌സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ്‌ സംഘവും സ്ഥലത്തെത്തി.
സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!