
മലപ്പുറം : വൈദ്യുതാഘാതമേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കര്‍മപദ്ധതി തയ്യാറാക്കാന്‍ എ.ഡി.എം എന്‍.എം മഹറലിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വൈദ്യുതി അപകട നിവാരണ സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. മഴക്കാലത്താണ് ഏറ്റവുമധികം അപകടങ്ങളുണ്ടാകുന്നത്. അത്തരത്തില്‍ ഒരപകടം പോലും ജില്ലയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്ന് യോഗം വിലയിരുത്തി.
ശക്തമായ കാറ്റില്‍ വൈദ്യുതകമ്പികള്‍ പൊട്ടിവീണുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ വൈദ്യുതി ലൈനുകള്‍ക്ക് മുകളിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുനീക്കുകയോ ചില്ലകള്‍ വെട്ടിയൊതുക്കുകയോ ചെയ്യുന്ന പ്രവൃത്തി കൂടുതല്‍ കാര്യക്ഷമമാക്കും. സ്വകാര്യഭൂമിയിലെ മരങ്ങള്‍ വെട്ടിമാറ്റാനും ചില്ലകള്‍ വെട്ടിയൊതുക്കാനും നിയമപരമായ നടപടികള്‍ സ്വീകരിക്കും.
വൈദ്യുതി ലൈനുകള്‍ പരമാവധി ഇന്‍സുലേറ്റഡ് വയറുകളാക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വൈദ്യുത കമ്പികള്‍ പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കണം. വന്യമൃഗങ്ങളില്‍ നിന്ന് കാര്‍ഷിക വിളകള്‍ സംരക്ഷിക്കുന്നതിന് അനധികൃത വൈദ്യുതവേലികള്‍ നിര്‍മിക്കുന്നത് അത്യന്തം അപകടകരമാണ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ നിരവധി ബോധവത്കരണ പരിപാടികളും ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് വൈദ്യുതിസുരക്ഷ സംബന്ധിച്ച അവബോധ ക്ലാസ് നല്‍കും. പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥാപനങ്ങളില്‍ അശാസ്ത്രീയമായി വയറിങ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വിവിധ വൈദ്യുതി ഡിവിഷനുകളിലെ എഞ്ചിനീയര്‍മാര്‍, അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍, വൈദ്യുതി നിവാണസമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.