തിരൂരങ്ങാടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും

പരപ്പനങ്ങാടി : സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ചു. പെരുവളളൂർ കാടപ്പടി സ്വദേശി വെങ്കുളത്ത് ഷാഹുൽ ഹമീദ് (53) നെയാണ് ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എ. ഫാത്തിമാ ബീവിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് വർഷം കഠിനതടവിനും ഒരുമാസം വെറുംതടവിനും, 25000/- രൂപ പിഴയുമാണ് ശിക്ഷ. പ്രതി അടക്കുന്ന പിഴ സംഖ്യ ഇരക്ക് നൽകണം.

2018 സെപ്റ്റംബറിലാണ് കേസിനാസ്പ്‌പദമായ സംഭവം. തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന 13 വയസ്സുകാരിയെ വഴിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

തിരൂരങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർ ഇ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന സി.എം. ദേവദാസൻ, കെ. റഫീഖ് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക് ഹാജരായി. പ്രോസിക്യുഷൻ ഭാഗം തെളിവിലേക്കായി 17 സാക്ഷികളെ വിസ്തരിച്ചു. 10രേഖകൾ ഹാജരാക്കി.

പ്രോസിക്യൂഷൻ ലൈസൻ വിംഗിലെ അസി.സബ് ഇൻസ്പെക്ടർ സ്വപ്‌ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു

error: Content is protected !!