Thursday, August 28

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്വാര്‍ട്ടേര്‍സില്‍ ഭാര്യക്കൊപ്പമാണ് ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ബിജു കോള്‍ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.

മരണ കാരണം വ്യക്തമായിട്ടില്ല. മുറിയില്‍ മ്യൂസിയം പൊലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

error: Content is protected !!