വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്

പൊന്നാനി : വാര്‍ഡ്തല ആരോഗ്യ കേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്ജ്.പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി .

സംസ്ഥാനത്തെ 451 സബ് സെന്ററുകളെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളുടെ ജനകീയ ആരോഗ്യ കേന്ദ്രമായി മാറ്റുക. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഒരു പ്രദേശത്തിന്റെ ആരോഗ്യ കാര്യങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. അതത് ജനകീയ കേന്ദ്രങ്ങള്‍ ഇത്തരം ജനകീയ ആരോഗ്യ പരിപാലന ഇടങ്ങളായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രസവ സമയത്തും, തുടര്‍ന്നും അമ്മക്കൊപ്പം മറ്റൊരു കെയര്‍ ടേക്കറെക്കൂടി അനുവദിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച സഖി പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ പുതിയ 10 സ്റ്റാഫ് നഴ്‌സുകളെ അനുവദിക്കുമെന്നും ,പുതിയ തസ്തികകള്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെന്നും മന്ത്രി
ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് എം.എന്‍.സി.യുവിലേക്ക് ആരോഗ്യ കേരളം പദ്ധതി വഴി പുതിയ 10 സ്റ്റാഫ് നഴ്‌സിനെ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കൂടാതെ പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ പേവിഷബാധക്കെതിരെയുള്ള ഇമ്മ്യുണോ ഗ്ലോബലിന്‍ മരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്തിമ ഘട്ടത്തിലാണ്. ബ്ലഡ് ബാങ്ക്, കെ.എം.സി.എല്‍ വഴി മെഷിനുകള്‍, ഐസൊലേഷന്‍ വാര്‍ഡ് ,ഓക്‌സിജന്‍ പ്ലാന്റ് എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മികച്ച സൗകര്യങ്ങള്‍ ഒരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

ജില്ലയിലെ ആദ്യത്തെ മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.നെഗറ്റീവ് പ്രഷര്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള ശിശു പരിചരണ വിഭാഗത്തില്‍ 21 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.1 കോടി 18 ലക്ഷം രൂപ ചെലവില്‍ നവജാത ശിശു പരിചരണ വിഭാഗവും, 45 ലക്ഷം രൂപ ചെലവില്‍ എം.എന്‍.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്.നവജാത ശിശുക്കളുടെ പരിചണത്തില്‍ അമ്മമാരുടെ സാനിദ്ധ്യം ഉറപ്പാക്കികൊണ്ടുളള ചികിത്സാ പദ്ധതിയാണ് എം.എന്‍.സിയു. ആഗോളതലത്തില്‍ അംഗീകരിച്ചു കൊണ്ടിരിക്കുന്ന ആശയമാണിത്. മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഏറെ കരുത്തു പകരുന്നതിന് ഇത് വഴി സാധിക്കുന്നു. മത്രമല്ല നവജാത ശിശുപരിചരണവും കരുതലും മുലയൂട്ടലും കൂടുതല്‍ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുളള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കുന്നതിന് സാധിക്കുന്നു. കുഞ്ഞ് സാധാരണ നിലയിലാണെങ്കില്‍, അമ്മയും കുഞ്ഞും പ്രസവാനന്തര വാര്‍ഡില്‍ ഒരുമിച്ച് കഴിയുന്ന തരത്തിലാണ് നിലവിലെ അമ്മയ്ക്കും നവജാതശിശു സംരക്ഷണ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കുഞ്ഞിന് അസുഖമോ ജനനഭാരം കുറവോ ആണെങ്കില്‍, അവരെ അമ്മയില്‍ നിന്ന് മാറ്റി പ്രത്യേകം തയ്യാറാക്കിയ നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ ചികിത്സ നല്‍കുകയും ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് എസ്.എന്‍.സിയുവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുകയുളളൂ. എന്നാല്‍ എം.എന്‍.സിയുവില്‍ അമ്മമാര്‍ക്ക് നവജാത ശിശുക്കള്‍ക്കൊപ്പം കഴിയുന്നതിനും കംഗാരുകെയര്‍ അത്തരം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനും സാധിക്കും. കൂടാതെ പേവിഷബാധ ചികിത്സ മുറിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.സിന്ധു, നഗരസഭാ വൈസ് ചെയര്‍ പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീന്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, ഡോ.പി.കെ അനൂപ് , ഡോ.പി.കെ ആശ, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!