എആര്‍ നഗര്‍ : കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കണ്ണിനു കുളിര്‍മയേകിയ സംഭവമായിരുന്നു ഇരുമ്പുചോല അരീതലയിലെ മാനംകുളങ്ങര മുഹമ്മദ് റാഫി – സല്‍മ ദമ്പതികളുടെ മകളായ ഫാത്തിമ റയ എന്ന കൊച്ചു കുട്ടി താന്‍ സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടി വച്ച തുകയും തന്റെ ഡ്രസുമെല്ലാം പയനാടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായവര്‍ക്കായി കൈമാറിയത്. വാര്‍ത്തകളില്‍ നിന്നും മാതാവ് പറഞ്ഞറിഞ്ഞാണ് ദുരിത ബാധിതര്‍ക്ക് തന്നാല്‍ ആവും വിധമുള്ള ഈ വലിയ സഹായം ഈ കൊച്ചു കുരുന്ന് നല്‍കിയത്. ഇപ്പോള്‍ ഇതാ കുഞ്ഞു റയക്ക് സൈക്കിള്‍ വാങ്ങി കൊടുക്കാനൊരുങ്ങുകയാണ് പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി.
ഇരുമ്പു ചോല സ്‌കൂളിലെ പിടിഎ ഭാരവാഹികൂടിയായ 15-ാം വാര്‍ഡ് മുസ്ലിംലീഗ് കമ്മറ്റി സെക്രട്ടറി ഫൈസല്‍ കാവുങ്ങലാണ് ലീഗ് കമ്മിറ്റി റയക്ക് സൈക്കിള്‍ വാങ്ങി നല്‍കുമെന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ പിടിഎ ഭാരവാഹികള്‍ കുഞ്ഞു റയയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അതില്‍ നിന്നാണ് സൈക്കിള്‍ വാങ്ങുന്നതിനായി സ്വരുക്കൂട്ടിയ പണം ദുരിത ബാധിതര്‍ക്ക് നല്‍കയാന്‍ റയ വാശിപിടിക്കുന്നതായി മാതാപിതാക്കള്‍ അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് തന്നെ റയ കൈമാറട്ടെയെന്ന് പിടിഎ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് സൈക്കിള്‍ വാങ്ങാന്‍ തനിക്ക് കിട്ടുന്ന ഓരോ നാണയത്തുട്ടുകളും സൂക്ഷിച്ചു വെച്ച് അങ്ങനെ സ്വരുക്കൂട്ടിയ മുഴുവന്‍ പൈസയും ഒരു മടിയും കൂടാതെ സ്വമനസ്സാല ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ എടുത്തു നല്‍കി സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃക സൃഷ്ടിച്ച് കുഞ്ഞു നാളിലെ വലിയ മനസ്സിന് ഉടമയായി കുട്ടികള്‍ക്കെല്ലാം മാതൃകയായി മാറിയ കുഞ്ഞു റയക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ ഇരുമ്പുചോല 15-ാംവാര്‍ഡ് മുസ്ലിംലീഗ് കമ്മിറ്റി തീരുമാനിച്ച കാര്യം സെക്രട്ടറി ഫൈസല്‍ കാവുങ്ങല്‍ അറിയിച്ചത്.