Tuesday, August 26

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിന് ആശ്വാസം ; അഞ്ച് ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷന്‍സ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിന് താത്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3വരെ മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദം അടുത്ത മാസം മൂന്നിന് നടക്കുമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി അറിയിച്ചിട്ടുണ്ട്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ , അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.

നടിയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ളത് വ്യാജ ആരോപണമാണെന്നും ബ്ലാക്‌മെയില്‍ ചെയ്യാന്‍ പരാതിക്കാരി ശ്രമിച്ചുവെന്നും മുകേഷ് ഹര്‍ജിയില്‍ ആരോപിച്ചു. ജാമ്യഹര്‍ജിയില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ വിശദീകരണം തേടി. മൂന്നിന് കേസില്‍ വിശദമായ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും ജാമ്യത്തില്‍ തീര്‍പ്പ് കല്‍പിക്കുക. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം എല്‍ എയുമായ മുകേഷിനെതിരെ കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസ്.

error: Content is protected !!