തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഗരസഭ ഭരണ സമിതി മലപ്പുറംജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും ഡി പി എമ്മിനും നിവേദനം നല്‍കി. ദിനേന 1500 ല്‍ അധികം രോഗികള്‍ ചികിത്സക്ക് എത്തുന്ന ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്നതായി പരാതിയില്‍ ചൂണ്ടികാണിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ സുലൈഖ കാലൊടി, ആരോഗ്യ കാര്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍ എന്നിവരാണ് നഗരസഭക്ക് വേണ്ടി നിവേദനം നല്‍കിയത്.
പ്രതിമാസം നൂറില്‍ അധികം പ്രസവം നടക്കുന്ന ഈ ആശുപത്രി നിലവില്‍ സ്ത്രീകളുടെയും കുട്ടികളുടെയും രോഗീ സൗഹൃദ ആശുപത്രി കൂടിയായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മൂന്ന് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ ആഴ്ചകളായി ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. പകരം ആളെ നിയമിക്കാത്തത് സ്ത്രീ രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിരലധി തവണ ആശുപത്രിയില്‍ വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. മാത്രമല്ല രാവിലെ എത്തുന്ന ഏതാനും രോഗികള്‍ക്ക് മാത്രമെ ഓപി സമയത്ത് ചികിത്സ നല്‍കുന്നുള്ളൂ. ഒരു ഡോക്ടര്‍ മാത്രമായതിനാലാണിത്. ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും എത്തുന്ന ഗര്‍ഭിണികള്‍ ഇത് മൂലം മടങ്ങി പോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
കൂടാതെ ജനറല്‍ ഒ.പി .യില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം പല സ്പെഷലൈസ് ഡോക്ടര്‍മാര്‍ക്കും ജനറല്‍ ഒ.പി നോക്കേണ്ടി വരുന്നത് മൂലം സ്പെഷലൈസ് ഒ.പി.കള്‍ മുടങ്ങാന്‍ ഇത് കാരണമാകുന്നു.ആയതിനാല്‍ ജനറല്‍ ഒ.പി യിലേക്ക് രണ്ട് ഡോക്ടര്‍മാരെക്കൂടി എന്‍ എച് എം വഴി അടിയന്തിരമായി നിയമിക്കാന്‍ നടപടി ഉണ്ടാവണമെന്നും നിലവിലുള്ള നാല് നഴ്‌സിങ് അസിസ്റ്റന്‍ഡിന്റെ ഒഴിവുകളിലേക്കും ഉടനെ പോസ്റ്റിങ്ങ് നടത്തി ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ ആര്‍ എസ് ബി വൈ ഫണ്ട് ഇനത്തില്‍ ആശുപത്രിക്ക് ലഭിക്കേണ്ട സംഖ്യ നാലര കോടിയായി ഉയര്‍ന്നതായും ഇത് ആശുപത്രി ജീവനക്കാരുടെ ശമ്പളം മുടങ്ങാനും മരുന്ന് ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ലക്ഷങ്ങളുടെ കുടിശ്ശിക വരാന്‍ കാരണമായതായും ഇത് ആശുപത്രിയുടെ ദൈന്യം ദിന പ്രവര്‍ത്തനത്തെ ഏറെ ബാധിക്കുന്നതിനാല്‍ നിലവിലെ സംഖ്യയുടെ പകുതിയെങ്കിലും ഉടനെ ലഭ്യമാകാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.