മൂന്നിയൂർ ജലനിധി മാതൃകയാവുന്നു ; സമ്പൂർണ്ണ ഗുണഭോക്തൃ സർവ്വേക്ക് തുടക്കമായി

തിരൂരങ്ങാടി: മൂന്നിയൂർ ജലനിധി പ്രവർത്തനങ്ങൾ ഗുണഭോക്താക്കളിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും വേണ്ടി നടത്തുന്ന സമ്പൂർണ്ണ ഗുണഭോക്തൃ സർവേയുടെ ഉൽഘാടനം പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ നിർവ്വഹിച്ചു.

കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ ജിപി ജലനിധി പദ്ധതിയായ മൂന്നിയൂർ ശുദ്ധജല വിതരണ പദ്ധതി മറ്റു ജലനിധികൾക്ക് മാതൃകയാവുന്നു. പദ്ധതി ആരംഭിച്ച ആദ്യ വർഷം തന്നെ 156.30 കോടി ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം ഏറ്റവും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുകയും ഗുണഭോക്താക്കളിൽ നിന്നും വെള്ളക്കരമായി പിരിച്ചെടുക്കുന്ന തുകയിൽ നിന്നും പദ്ധതി പൂർണ്ണമായും നടത്തുകയും ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ജലനിധി കമ്മിറ്റിയാണ് മൂന്നിയൂർ ശുദ്ധജല വിതരണ സൊസൈറ്റി.

ക്യാൻസർ, കിഡ്നി രോഗ ബാധിതർക്കുള്ള ചികിത്സ സഹായം, കുടുംബത്തിലെ താമസക്കാരായിട്ടുള്ള അംഗങ്ങൾക്ക് ചികിത്സ ഇളവ് ലഭിക്കുന്നതിനും ആവശ്യ മായ മറ്റു ഉൽപന്നങ്ങൾ മിതമായ നിരക്കിൽ വാങ്ങുന്നതിനും ആശുപത്രി, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചു പ്രിവിലേജ് കാർഡ്, ഹോട്ടലുകൾ, വീടുകൾ, ആശുപത്രികൾ മറ്റു സ്ഥാപനങ്ങളിലെ കുടിവെള്ള ഗുണനിലവാര പരിശോധന നടത്തുന്നതിന് ആവശ്യമായ ലാബ് സൗകര്യം, കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവും പഠനോപകരണ കിറ്റ് വിതരണവും എന്നിവയാണ് ഗുണപോക്താക്കൾക്കായി കമ്മിറ്റി നൽകുന്ന ആനുകൂല്യങ്ങൾ.

ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി കൂടുതൽ ജല വിതരണം നടത്തുന്നതിനായി പുതിയ കാര്യക്ഷമത കൂടിയ മോട്ടോറുകൾ സ്ഥാപിക്കുന്നതിനും മിനി ഓഡിറ്റോറിയം സ്ഥാപിക്കുന്നതിനും പദ്ധതിയുടെ വിവിധ നവീകരണ പ്രവർത്തികൾക്കും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

പ്രസിഡണ്ട് ഹൈദർ കെ. മൂന്നിയൂർ അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം സുഹ്റാബി മുഖ്യ പ്രഭാഷണം നടത്തി ജലനിധി സെക്രട്ടറി ഹനീഫ മൂന്നിയൂർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ എം.എ.അസീസ്, ജാസ്മിൻ മുനിർ, പി.പി. മുനീർ മാസ്റ്റർ, സി. പി. സുബൈദ, പി.പി. സഫീർ,മണമ്മൽ ഷംസുദ്ധീൻ, രാജൻ ചെരിച്ചിയിൽ, ചാന്ത് അബ്ദുസമദ്,ജംഷീന, സുഹ്റാബി, പി. കുഞ്ഞോൻ ,സി.വി. മുഹമ്മതാജി, ഫവാസ് പനയത്തിൽ, കെ സഹീറ തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് ആവശ്യമായ ഗുണഭോക്താക്കളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിനും പദ്ധതിയുടെ അറിയിപ്പുകൾ ജലവിതരണ ഷെഡ്യൂളുകൾ അടക്കം യഥാസമയങ്ങളിൽ എത്തിക്കുന്നതിനു വാട്സാപ്പ് ഓട്ടോമേറ്റഡ് സിസ്റ്റം അടക്കം ഉൾപ്പെടുത്തി നൂതന സംവിധാനങ്ങൾ ഒരുക്കി കാക്കഞ്ചേരി കിൻഫ്ര ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർക്ക്മേറ്റ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സർവേ നടത്തുന്നത്.

error: Content is protected !!