നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണം ; പഞ്ചായത്ത് ഭരണ സമിതി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

തിരൂരങ്ങാടി: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. 96 കോടി രൂപ ചെലവില്‍ നന്നമ്പ്രയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്റെ സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. എന്നാല്‍ നിര്‍മ്മാണം പകുതി പോലും പൂര്‍ത്തിയാകാതെ ഇഴയുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ടത്.

കെ.പി.എ മജീദ് എംഎല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് തസ്‌ലീന ഷാജി പാലക്കാട്ട് മന്ത്രിക്ക് നിവേദനവും കൈമാറി. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

നിവേദക സംഘത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ സി ബാപ്പുട്ടി, വി.കെ ഷമീന, മെമ്പര്‍മാരായ നടുത്തൊടി മുസ്തഫ, പി.കെ റൈഹാനത്ത്, നടുത്തൊടി മുഹമ്മദ് കുട്ടി, ഒള്ളക്കന്‍ സിദ്ധീഖ്, അരീക്കാട്ട് സൗദ, കെ ബാലന്‍, ഇ.പി സ്വാലിഹ്, എം.പി ഷരീഫ, എം.എല്‍.എയുടെ പി.എ ടി.കെ നാസര്‍ പങ്കെടുത്തു.

error: Content is protected !!