Monday, July 14

നന്നമ്പ്ര കുടിവെള്ള പദ്ധതി : പൈപ്പ് ലൈന്‍ കൊണ്ടുപോകുന്നതില്‍ കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം

തിരൂരങ്ങാടി ; നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരൂരങ്ങാടി ഡിവിഷന്‍ 21,21 മുസ്ലിം ലീഗ് കമ്മിറ്റിയും കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് പദ്ധതിക്കായി കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകുന്നതിനെതിരെ രംഗത്തെത്തിയത്. കക്കാട്ടെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് വേണം പദ്ധതി നടപ്പിലാക്കാനെന്നാണ് ഇവരുടെ ആവശ്യം

ജനങ്ങളുടെ പരാതികളും ആശങ്കകളും പരിഹരിക്കാതെ കേന്ദ്ര സംസ്ഥാന പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ നന്നമ്പ്ര കുടിവെള്ള പദ്ധതിക്കുള്ള പൈപ്പ് ലൈന്‍ കക്കാട് ചെറുമുക്ക് റോഡിലുടെ കൊണ്ടു പോകരുതെന്ന് കക്കാട് ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയും ഡിവിഷന്‍ 21&22 കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു. മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കണം, ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്, നിരവധി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന വീതി കുറവുള്ള റോഡ് ആണിത്. ജനങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ ഏതു വഴിയിലൂടെയും കൊണ്ടു പോകാവൂ, ആശങ്കകള്‍ പരിഹരിക്കാതെ വാട്ടര്‍ അതോറിറ്റി മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

അതേസമയം പ്രദേശവാസികളുടെ പരാതികളും ആശങ്കകളും കേള്‍ക്കാതെ നന്നമ്പ്ര കുടിവെള്ള പദ്ധതിക്ക് കക്കാട് ചെറുമുക്ക് റോഡിലൂടെ പൈപ്പ് ലൈന്‍ കൊണ്ടു പോകരുതെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ‘ആശങ്കയും മറ്റു മാര്‍ഗങ്ങള്‍ തേടണമെന്നതും നേരത്തെ തന്നെ നേരിട്ട് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമെന്നും കുന്നുമ്മല്‍ മേഖലയില്‍ ഇപ്പോള്‍ ഇറക്കിയ പൈപ്പുകള്‍ നന്നമ്പ്ര ഭാഗത്തേക്ക് ഉള്ളതാണെന്നും കക്കാട് ഭാഗത്തേക്ക് ഉള്ളതല്ലെന്നും ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ പൈപ്പ് ലൈന്‍ കൊണ്ടു പോകുകയുള്ളുവെന്നും വാട്ടര്‍ അതോറിറ്റി എ, ഇ അറിയിച്ചു.

മറ്റു മാര്‍ഗങ്ങളും പരിഗണിക്കും. അന്തിമ തീരുമാനമെടുത്തിട്ടില്ല, ആശങ്കകള്‍ വേണ്ടെന്നും ജനങ്ങളെ വിശ്വസത്തിലെടുത്തും അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചും മാത്രമേ മുന്നോട്ടു പോകൂവെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

error: Content is protected !!