Thursday, July 10

ദേശീയ പണിമുടക്ക് : നാളെ കെഎസ്ആര്‍ടിസി ഓടുമെന്ന് കെബി ഗണേഷ് കുമാര്‍ ; നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്ന് ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം : നാളെ ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ഓടുമെന്ന ഗതാഗത മന്ത്രി കെബി ഗണേഷ് കുമാരിന്റെ പ്രസ്താവനക്കെതിരെ എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി പി രാമകൃഷ്ണന്‍ രംഗത്ത്. കെ എസ് ആര്‍ ടി സിയും നാളെ നിരത്തിലിറങ്ങില്ലെന്നും ദേശീയ പണിമുടക്കില്‍ കെ എസ് ആര്‍ ടി സി യൂണിയനുകളും പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം നാളെ കെ എസ് ആര്‍ ടി സി ബസ് നിരത്തില്‍ ഇറക്കിയാല്‍ അപ്പോള്‍ കാണാമെന്നും വെല്ലുവിളിച്ചു. തടയാന്‍ തൊഴിലാളികള്‍ ഉണ്ടല്ലോ എന്നും സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു.

നാളത്തെ ദേശീയ പണിമുടക്കിന് കെ എസ് ആര്‍ ടി സി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് നേരത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ നാളെ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ എസ് ആര്‍ ടി സി, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തള്ളിയാണ് ടിപി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ നാളെ പണിമുടക്കുമെന്നും തൊഴിലാളികള്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത മന്ത്രിയുടെ പ്രസ്താവന പണിമുടക്കിനെ ബാധിക്കുന്നതാണെന്നും മന്ത്രിയുടെ ഓഫീസിനെ ആരെങ്കിലും തെറ്റിധരിപ്പിച്ചതാകുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!