കൊഴിഞ്ഞാമ്പാറ : ഭാര്യയെയും മക്കളെയും മറയാക്കി കാറില്‍ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച് താനൂര്‍ സ്വദേശി പിടിയില്‍. മലപ്പുറം താനൂര്‍ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കി അതിലാണ് പണം സൂക്ഷിച്ചിരുന്നത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി 11 മണിക്ക് മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയില്‍ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടി എത്തിയ ഹാഷിം പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ വാഹനത്തെ പിന്തുടര്‍ന്ന പൊലീസ് കുറ്റിപ്പള്ളം സിപി ചള്ളയില്‍ വച്ച് പിടികൂടി വിശദമായി പരിശോധിച്ചതിലാണ് കാറിനുള്ളില്‍ രഹസ്യ അറ കണ്ടെത്തിയത്. ഇതില്‍ നിന്നും 20.40 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ഇയാള്‍ ഇതിനുമുമ്പ് സമാന രീതിയില്‍ കുഴല്‍പ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, കസബ എന്നീ സ്റ്റേഷനുകളില്‍ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി ഐ എം. ആര്‍. അരുണ്‍കുമാര്‍ പറഞ്ഞു.
ചിറ്റൂര്‍ ഡിവൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ എം.ആര്‍. അരുണ്‍കുമാര്‍, ചിറ്റൂര്‍ സിഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ്‌ഐ ബി പ്രമോദ്, അഡീഷണല്‍ എസ്‌ഐമാരായ കെ പി ജോര്‍ജ്, വി കെ സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവര്‍ എം.കെ. രതീഷ്, ഹോം ഗാര്‍ഡ് സി വി ജയപ്രകാശ്, ചിറ്റൂര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രമേഷ് എസ് സമീര്‍, സ്റ്റേഷന്‍ ഡ്രൈവര്‍ സി.പി.ഒ ആര്‍ ഷാജി എന്നിവരാണ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.