മോട്ടോർ വാഹന വകുപ്പ് ഇന്ന് നടത്തുന്ന സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്ക് എത്തിക്കാനും നടപടിയായില്ല .
തിരൂരങ്ങാടി: 2017-18 കാലഘട്ടത്തില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കക്കാട് ജി.എം.യു.പി സ്‌കൂളിനായി നല്‍കിയ ബസ്സ് അധികൃതരുടെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിക്കുന്നു. ഒരു മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന് താഴെയാണ് ബസ്സ് നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ കൊമ്പുകള്‍ ബസ്സിന്റെ മുകളിലും സൈഡിലും തട്ടി ബോഡിക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്.
മരത്തില്‍ നിന്നും ഇലകളും മണ്ണും കെട്ടികിടന്ന് വാഹനത്തിന്റെ റൂഫിലും മുന്‍ഭാഗവും നശിച്ചു കൊണ്ടിരിക്കയാണ്. വെയിലും മഴയും കൊണ്ട് ബസ്സിന്റെ പലഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരൂരങ്ങാടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് കക്കാട് വെച്ച് നടത്തുന്നുണ്ട്. അതിലേക്ക് ഈ സ്‌കൂളിൻ്റെ ബസ്സ് എത്തിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം രക്ഷിതാക്കളിലുണ്ട്.
കക്കാട്, കരുമ്പില്‍, ചുള്ളിപ്പാറ, കാച്ചടി, കൂരിയാട്, തൂക്കുമരം എന്നീ പ്രദേശങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ത്ഥികള്‍ ഈ ബസ്സിനെയാണ് ആശ്രയിക്കാറ്. എല്‍.പി മുതല്‍ യു.പി വരെയുള്ള സ്‌കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ദിവസേന ആശ്രയിക്കുന്നത് ഈ ബസ്സിനെയാണ്. ഒട്ടും സുരക്ഷിതമല്ലാതെ പാര്‍ക്ക് ചെയ്ത് ബസ്സ് നശിപ്പിക്കുന്നതിനെതിരെ രക്ഷിതാക്കളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.