ധനസഹായം തിരിച്ചടക്കണമെന്ന് സര്‍ക്കാര്‍ നോട്ടീസ് : ബഷീറിന്റെ ദുരിത ഫണ്ട് സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് എന്‍എഫ്പിആര്‍

തിരൂരങ്ങാടി : 2019ലെ പ്രളയകാലത്ത് നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് ഒരു ഭാഗം തുക തിരിച്ചടക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എന്‍ എഫ് പി ആര്‍ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊടിഞ്ഞി സ്വദേശിയായ ബഷീറിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ഓടും ഷീറ്റും മേഞ്ഞ വീടില്‍ രോഗബാധിതനായി പക്ഷാഘാതം ബാധിച്ച് സംസാരിക്കാനോ നടക്കാനോ സാധിക്കാത്ത ബഷീറിന്റെ ധയനീയാവസ്ഥയെ കുറിച്ച് തിരൂരങ്ങാടി ടുഡേ വാര്‍ത്ത നല്‍കിയിരുന്നു.

2019 ല്‍ സര്‍ക്കാര്‍ 10000 രൂപയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും സാങ്കേതിക പിഴവ് മൂലവും ചിലര്‍ക്ക് 20000 രൂപ അക്കൗണ്ടില്‍ എത്തിയിരുന്നു. ഇതില്‍ അധികമായി ലഭിച്ച 10000 രൂപ തിരിച്ചടക്കണമെന്നാണ് 5 വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഭാര്യ മരണപ്പെടുകയും നാട്ടുകാരുടെ സഹായത്താല്‍ മക്കളെ കെട്ടിച്ചയക്കുകയും ചെയ്ത ബഷീറിന് നിത്യ ചെലവിന് പോലും വകയില്ല. ജോലിക്ക് പോകാനും സാധിക്കില്ല. ഈ അവസ്ഥയിലിരിക്കുമ്പോഴാണ് പണം തിരിച്ചടക്കാന്‍ നോട്ടീസ് ലഭിച്ചത്.

എന്‍എഫ്പിആര്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹീം പൂക്കത്ത്, ജന. സെക്രട്ടറി മുസ്തഫ ഹാജി പുത്തന്‍തെരു, തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് എം സി അറഫാത്ത് പാറപ്പുറം, തിരൂര്‍ താലൂക്ക് സെക്രട്ടറി പി എ ഗഫൂര്‍ താനൂര്‍, ബിന്ദു അച്ഛമ്പാട്ട്, നിയാസ് അഞ്ചപ്പുര എന്നിവരടങ്ങുന്ന സംഘമാണ് ബഷീറിന്റെ വീട് സന്ദര്‍ശിച്ചത്.

error: Content is protected !!