നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: അവസാന മണിക്കൂറുകളിൽ കൊട്ടിക്കലാശയുമായി സ്ഥാനാർത്ഥികൾ

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. സ്ഥാനാർത്ഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തും. ആറു മണിവരെയാണ് പരസ്യപ്രചാരണത്തിന് അനുമതിയുള്ളത്.

പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. കൊട്ടിക്കലാശത്തിന് മുന്നോടിയുള്ള റോഡ് ഷോയിലും ആവേശം വാനോളമാണ്. അവസാനഘട്ട പ്രചാരണവുമായി പിവി അൻവറും സജീവമാണ്. രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം നടക്കുന്നത്.

വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂർ മറ്റന്നാളെയാണ് വിധി എഴുതുന്നത്. നാളെ നിശബ്ദ പ്രചാരണമാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫ് ഉം സർക്കാരിന്റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ചില മേഖലകളിലെങ്കിലും ഇരു മുന്നണികൾക്കും വെല്ലുവിളിയാകുന്നുണ്ട് പിവി അൻവറിന്റെ സാന്നിദ്യം.

അവസാന ഘട്ടത്തിൽ മാത്രം കളത്തിലിറങ്ങിയ ബിജെപി വോട്ട് വിഹിതം നിലനിർത്താനുള്ള ശ്രമത്തിലാണ്. കൊട്ടിക്കലാശമുണ്ടാകില്ലെന്നും യഥാർത്ഥ കലാശക്കൊട്ട് 19 ന് നടക്കുമെന്നും പിവി അൻവർ വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് കൊട്ടിക്കലാശ ഒഴിവാക്കിയതെന്നും പ്രവർത്തകർ തനിക്കുള്ള വോട്ടുറപ്പിക്കുകയാണെന്നും അൻവർ പറഞ്ഞു. കൊട്ടിക്കലാശം നിലമ്പൂരിലെ എടക്കരയിലുമായി തിരിച്ചത് തനിക്കെതിരെയാക്കാനാണെന്നും രണ്ടിടത്ത് ഒരുമിച്ച് എത്താനാകില്ലെന്നും പിവി അൻവർ പറഞ്ഞു.

error: Content is protected !!