
മലപ്പുറം : വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. സംസ്ഥാനത്ത് നടത്തിയ ടെസ്റ്റില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട ഏഴു പേരുടെ 21 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവായതായി മന്ത്രി അറിയിച്ചു.
നിപ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ജില്ലയിലെത്തിയ മന്ത്രി വൈകീട്ട് കളക്ടറേറ്റില്‍ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ കൂടി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. രോഗിക്ക് മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ ചെയതതായും ആശുപത്രി എത്തിക്കല്‍ കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് അത് നല്‍കുമെന്നും മന്ത്രി അറിയിച്ചു. രോഗി ചികിത്സയിലുള്ള ആശുപത്രിയില്‍ തന്നെ തുടരുന്നതാണ് പ്രോട്ടോക്കോള്‍ എങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെടുന്ന പക്ഷം മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്ന കാര്യം പരിശോധിക്കും.
രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണാകും. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും ജില്ലാ കളക്ടര്‍ പ്രത്യേക ഉത്തരവിറക്കും. വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങള്‍ ഉണ്ടാകുക. നിപ പ്രോട്ടോക്കോളിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തുന്നതിന് ഊര്‍ജിതമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അധികം സമ്പര്‍ക്കത്തിന് സാധ്യതയില്ലെന്നാണ് കണ്ടെത്തിയതെങ്കിലും സൂക്ഷ്മമായ പരിശോധന നടത്തും. ഹൈസ് റിസ്‌ക്, ലോ റിസ്‌ക് വിഭാഗത്തില്‍ പെട്ട സമ്പര്‍ക്കത്തിലുള്ള എല്ലാവരും 21 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധന നടത്തും. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകലിലും പനി സര്‍വേ നടത്തും. ആശുപത്രികള്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
നിപ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുവായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി. എല്ലാവരും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേളയില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കും. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോട്ടക്കല്‍ നിയജക മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങള്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു (ഓണ്‍ലൈന്‍), അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരംഭിച്ച ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0483 2736320, 2736326.
നിപ: ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകൾ
ജില്ലയിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടയ്‌മെൻറ് സോണുകളാക്കിയത്.
രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെൻറ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരസ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല.
ഈ വാർഡുകൾക്ക് പുറമെ ജില്ലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ട്യൂഷൻ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്‌ക് ധരിച്ചിക്കണം. കൂടിച്ചേരലുകൾ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി മുതലായ രോഗ ലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ ഒരു രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി. ചർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483 2736320, 0483 2736326 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്. ജില്ലയിൽ നടന്നുവരുന്ന ഉത്സവങ്ങൾ, മേളകൾ എന്നിവയോട് അനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുമ്പോൾ മാസ്‌ക് ധരിച്ചും അണുവിമുക്തമാക്കിയിട്ടും മാത്രമേ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് സംഘാടകർ നിർബന്ധമായും ഉറപ്പ് വരുത്തണം. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.