എന്‍.എസ്.എസിന് വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കാന്‍ കഴിയും ; കാലിക്കറ്റ് വൈസ് ചാന്‍സലര്‍

തേഞ്ഞിപ്പലം : വിദ്യാര്‍ഥികളെ മനുഷ്യത്വമുള്ളവരാക്കുന്ന ദൗത്യം നിറവേറ്റാന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന് കഴിയുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലാതല എന്‍.എസ്.എസ്. അവാര്‍ഡ് വിതരണോദ്ഘടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും എന്‍.എസ്.എസിന് കഴിയും. ജൂനിയര്‍ വിദ്യാര്‍ഥികളെ സ്‌നേഹത്തോടെ സ്വീകരിച്ച് കാമ്പസിന്റെ ഭാഗമാക്കി മാറ്റാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ലഹരിക്ക് പിറകെ പോകാനോ അക്രമത്തിനോ എന്‍.എസ്.എസിന്റെ ഭാഗമായ ഒരാള്‍ക്കും കഴിയില്ല. അക്രമത്തെ തടയാന്‍ അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

ചടങ്ങില്‍ സംസ്ഥാന എന്‍.എസ്.എസ്. ഓഫീസര്‍ ഡോ. അന്‍സര്‍ മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച എന്‍.എസ്.എസ്. യൂണിറ്റിനുള്ള അവാര്‍ഡ് ഫാറൂഖ് കോളേജിനും മികച്ച പ്രോഗ്രാം ഓഫീസര്‍കുള്ള അവാര്‍ഡ് ഇതേ കോളേജിലെ ഡോ. പി. റഫീഖിനും ലഭിച്ചു. മികച്ച പുരുഷ വോളണ്ടിയര്‍ പി. ഷിഫിന്‍ (അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍), മികച്ച വനിതാ വോളണ്ടിയര്‍ സി.കെ. നസ്‌ലാ ഷെറിന്‍ (സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജ് പേരാമ്പ്ര) എന്നിവരാണ്. ആദ്യ 10 സ്ഥാനക്കാര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യന്‍, സര്‍വകലാശാലാ എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ശിഹാബ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. കെ. മുഹമ്മദ്ഹനീ ഫ, ഇ.ടി.ഐ. കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി, എന്‍.എസ്.എസ്. കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഫാസില്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!