തിരൂരങ്ങാടി : വിവാദ പരാമര്‍ശത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയ മൂന്നിയൂര്‍ സ്വദേശിക്ക് ലീഗുമായി ബന്ധമില്ലെന്ന് മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. മുന്നിയൂര്‍ കളത്തിങ്ങള്‍പാറ സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ അഷ്‌റഫ് കളത്തിങ്ങള്‍പാറയാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരുന്നത്. നേരത്തെ ഇയാള്‍ ലീഗ് പ്രവര്‍ത്തകനാണെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ രംഗത്തെത്തിയത്.
മൂന്നിയൂര്‍ ചുഴലി സ്വദേശിയാണ് പരാതിക്കരനായ അഷ്‌റഫ് കളത്തിങ്ങല്‍പാറ. ഇയാള്‍ക്ക് വാര്‍ഡ് കമ്മിറ്റി മെമ്പര്‍ ഷിപ്പ് നല്‍കിയിട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് മുപ്പത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താര്‍ പന്തല്ലൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേല്‍പ്പിക്കാനും ആര് വന്നാലും ആ കൈകള്‍ വെട്ടാന്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകന്മാര്‍ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇത് ഇതര വിഭാഗങ്ങളെ പ്രകോപ്പിക്കുന്ന തരത്തിലും ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലും ഉള്ളതാണെന്ന് പറഞ്ഞാണ് അഷ്‌റഫ് കളത്തിങ്ങള്‍ പാറ ജില്ലാ പോലീസ് മേധാവിക്ക് ഇ മെയിലില്‍ പരാതി നല്‍കിയത്. ജില്ല പോലീസ് മേധാവി മലപ്പുറം പൊലീസിന് കൈമാറിയ പരാതിയില്‍ ഐ പി സി 153 വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.