ദുരന്ത ഭൂമിയില്‍ നിന്നും നാലാം ദിനം സന്തോഷ വാര്‍ത്ത ; തകര്‍ന്ന വീട്ടില്‍ നിന്നും നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ സൈന്യത്തിന്റെ തിരച്ചിലില്‍ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.

നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തിരച്ചില്‍ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും. ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചില്‍ തുടങ്ങും. 40 കിലോമീറ്ററില്‍, ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും തിരച്ചില്‍ നടത്തും. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും. കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച് തിരയും.

25 ആംബുലന്‍സുകളെ ബെയ്‌ലി പാലം കടന്നു മുണ്ടക്കൈയിലേക്ക് ഒരു ദിവസം കടത്തിവിടും. 25 ആംബുലന്‍സുകള്‍ മേപ്പാടി പോളിടെക്‌നിക് ക്യാംപസില്‍ പാര്‍ക്ക് ചെയ്യും. ഓരോ ആംബുലന്‍സിനും ജില്ലാ കലക്ടര്‍ പ്രത്യേക പാസ് നല്‍കും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍നിന്നു ഡ്രോണ്‍ ബേസ്ഡ് റഡാര്‍ ശനിയാഴ്ച എത്തും. നിലവില്‍ 6 നായകളാണ് തിരച്ചിലില്‍ സഹായിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നു നാലു കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

error: Content is protected !!