
ജമ്മു : പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായത് 9 ഭീകര കേന്ദ്രങ്ങള്‍. ഭീകരാക്രമണത്തിന് ശേഷം പതിനഞ്ചാം നാള്‍ ആണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സൈന്യം സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. 17 ഭീകരരെ വധിച്ചുവെന്ന് റിപ്പോര്‍ട്ട്. 55 പേര്‍ക്ക് പരിക്ക്. പാകിസ്ഥാന്റെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യന്‍ ശ്രമം ജയ്‌ഷെ, ലഷ്‌കര്‍, ഹിസ്ബുള്‍ താവളങ്ങളെ ചുട്ടെരിച്ചു. മര്‍കസ് സുബ്ഹാനല്ല, മര്‍കസ് ത്വയ്ബ, സര്‍ജാല്‍/തെഹ്‌റ കലാന്‍, മഹ്‌മൂന ജൂയ, മര്‍കസ് അഹ്ലെ ഹദീസ്, മര്‍കസ് അബ്ബാസ്, മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഷവായ് നല്ലാഹ്, മര്‍കസ് സൈദിനാ ബിലാല്‍ എന്നീ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങള്‍ തകര്‍ത്തത്.
പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്ലി, മുരിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്‌കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്.
ബഹവല്‍പൂരിലുള്ള മര്‍കസ് സുബ്ഹാന ഭീകരവാദി കേന്ദ്രം 2015 മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ പ്രധാന പരിശീലന കേന്ദ്രമായി അറിയപ്പെടുന്ന മര്‍കസ് സുബ്ഹാനല്ലയിലാണ് ജയ്ഷെ തലവന്‍ മൗലാന മസൂജ് അഷര്‍ അടക്കമുള്ള ഭീകര നേതാക്കളുടെ വസതികളുള്ളത്.
ലഷ്‌കര്‍ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രം എന്ന നിലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു പാക് പഞ്ചാബിലെ മുരിഡ്കെ നഗരത്തിലുള്ള മര്‍കസ് ത്വയ്ബ. 2000 മുതല്‍ ഭീകര പരിശീലനം തകൃതിയായി നടക്കുന്ന ഇവിടെ ആയുധ പരിശീലനമാണ് പ്രധാനമായും നടന്നിരുന്നത്. ത്വയ്ബ കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് ഒസാമ ബിന്‍ ലാദന്‍ 10 ദശലക്ഷം രൂപ സംഭാവനായി നല്‍കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്ന പ്രധാനയിടങ്ങളിലൊന്നായ ഇവിടെയാണ് അജ്മല്‍ കസബ് പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍മാരായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും തഹാവൂര്‍ റാണയും മുരിഡ്കെ മുമ്പ് സന്ദര്‍ശിച്ചിരുന്നു.
പാക് പഞ്ചാബിലെ നരോവാല്‍ ജില്ലയില്‍ സ്ഥിതി ചെയ്തിരുന്ന പാക് ഭീകരതാവളമാണ് സര്‍ജാല്‍. ജമ്മു കശ്മീരിലേക്ക് പാക് തീവ്രവാദികളെ നുഴഞ്ഞുകയറ്റാനായി ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടന സ്ഥാപിച്ചതാണ് ഈ താവളം. ഇവിടെ നിന്നാണ് അതിര്‍ത്തിതുരന്ന് ഭീകരര്‍ ഇന്ത്യയിലേക്ക് തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാറ്. ഇന്ത്യന്‍ പ്രദേശത്തേക്ക് ഡ്രോണുകള്‍ വഴി ആക്രമണം നടത്താനുള്ള ലോഞ്ചിംഗ് ഇടമായും പാകിസ്ഥാന്‍ ഈ പ്രദേശത്തെ കണ്ടു. തെഹ്‌റ കലാന്‍ ഗ്രാമത്തിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിസരത്ത്, അതിന്റെ മറവിലാണ് ഈ ഭീകര താവളം പ്രവര്‍ത്തിച്ചിരുന്നത്. ജമ്മുവിലെ സാംബ സെക്ടറിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു എന്നതിനാല്‍ കാലങ്ങളായി ഇന്ത്യന്‍ സേനയുടെ കണ്ണിലെ കരടായിരുന്നു സര്‍ജാല്‍.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മറവില്‍ ഭീകര താവളം പ്രവര്‍ത്തിപ്പിക്കാനുള്ള പാകിസ്ഥാന്‍-ഐഎസ്‌ഐ ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ് സിയാല്‍ക്കോട്ടിലുള്ള മഹ്‌മൂന ജൂയ ഭീകരകേന്ദ്രം. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ അവര്‍ക്ക് ആയുധ പരിശീലനം നടത്തിവന്നിരുന്നു. കൊടുംഭീകരനായ ഇര്‍ഫാന്‍ താണ്ടയാണ് ഈ ഹിസ്ബുള്‍ ഭീകര താവളത്തിന്റെ കമാന്‍ഡര്‍.
ബര്‍ണാല ടൗണിന്റെ പ്രാന്തപ്രദേശമായ കോട്ട് ജമാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പാക് ഭീകര താവളമായിരുന്നു മര്‍കസ് അഹ്ലെ ഹദീസ്. പാക് അധീന കശ്മീരില്‍ ലഷ്‌കര്‍ ഭീകരുടെ മറ്റൊരു പ്രധാന താവളമാണിത്. പൂഞ്ച്, രജൗരി സെക്ടറുകളിലേക്ക് ലഷ്‌കര്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിനും മര്‍കസ് അഹ്ലെ ഹദീസ് ഉപയോഗിക്കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറും മുമ്പ് ലഷ്‌കര്‍ ഭീകരര്‍ സ്റ്റേജിംഗ് കേന്ദ്രമായും ഇവിടം ഉപയോഗിച്ചുവരികയായിരുന്നു. 150 വരെ ഭീകരരെ ഒരേസമയം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ താവളത്തിലാണ് ഖ്വാസിം ഗുജ്ജാറിനെയും ഖ്വാസും ഖണ്ഡയെയും അനസ് ജരാറിനെയും പോലുള്ള കൊടുംഭീകരര്‍ പ്രവര്‍ത്തിക്കുന്നത്.
പാക് അധീന കശ്മീരിലെ കോട്ലിയില്‍ സ്ഥിതി ചെയ്യുന്ന ജയ്ഷെ ഭീകരകേന്ദ്രമാണ് മര്‍കസ് അബ്ബാസ്. ജയ്ഷെ നേതാവ് മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറിന്റെ പ്രധാന സഹായിയായ ഹാഫിസ് അബ്ദുള്‍ ഷകൂറാണ് ഈ ഭീകര താവളത്തിന്റെ തലവന്‍. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഷകൂര്‍ നേരിട്ട് പങ്കാളിയാണ്. മര്‍കസ് അബ്ബാസില്‍ 125 ജയ്‌ഷെ ഭീകരര്‍ വരെയുണ്ടാവാറുണ്ട് എന്നാണ് നിഗമനം. പൂഞ്ച്- രജൗരി മേഖലകളിലേക്ക് നുഴഞ്ഞുകയറ്റം ഉള്‍പ്പെടെയുള്ള ജെയ്ഷെ മുഹമ്മദിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.
കോട്ലിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു ഭീകര താവളമായ മസ്‌കര്‍ റഹീല്‍ ഷാഹിദ്, ഹിസ്ബുള്‍ മുജാഹിദ് ഭീകരരുടെ പഴക്കം ചെയ്യ കേന്ദ്രങ്ങളിലൊന്നാണ്. 200 വരെ ഭീകരരെ പരിശീലിപ്പിക്കാനുള്ള സൗകര്യം ഈ ഭീകര താവളത്തിനുണ്ട്. പ്രധാനമായും വെടിവെപ്പ് പരിശീലനമാണ് ഇവിടെ നടക്കുന്നത്.
പാക് അധീന കശ്മീരിലെ മുസഫറാബാദിലാണ് ഷവായ് നല്ലാഹ് ഭീകര ക്യാംപ് സ്ഥിതി ചെയ്തിരുന്നത്. ഇതും ലഷ്‌കര്‍ ഭീകരുടെ പ്രധാന പരിശീലന കേന്ദ്രങ്ങളിലൊന്നാണ്. മുംബൈ ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്മല്‍ കസബിന് ഇവിടെ പരിശീലനം ലഭിച്ചിരുന്നു. ലഖ്കര്‍ ഭീകരരുടെ റിക്രൂട്ട്മെന്റിനും പരിശീലനത്തിനും ഉപയോഗിച്ചുവന്നിരുന്ന ഷവായ് നല്ലാഹ് ക്യാംപ് 2000ത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലഷ്‌കര്‍ സാങ്കേതികവിദ്യകളിലുള്ള പരിശീലനം ഉള്‍പ്പടെ നേടിയിരുന്നത് ഇവിടെയാണ്. ലഷ്‌കര്‍ ഭീകരര്‍ക്ക് ഇവിടെ പാക് സൈന്യത്തില്‍ നിന്നുള്ള വിദഗ്ധര്‍ ആയുധ പരിശീലനം നല്‍കിയിരുന്നു. ഒരേസമയം 250 ലഷ്‌കര്‍ ഭീകരര്‍ക്ക് വരെ പരിശീലനം നല്‍കാന്‍ സൗകര്യമുള്ള വലിയ ഭീകര പരിശീലന കേന്ദ്രമാണ് ഷവായ് നല്ലാഹ്.
പാക് അധീന കശ്മീരില്‍ ജയ്ഷെ മുഹമ്മദ് ഭീകരുടെ മറ്റൊരു പ്രധാന താവളമാണ് മര്‍കസ് സൈദിനാ ബിലാല്‍. മുസഫറാബാദിലെ റെഡ് ഫോര്‍ട്ടിന് എതിര്‍വശത്തായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജമ്മു കശ്മീരിലേക്ക് അയക്കും മുമ്പ് ഭീകരുടെ ഇടത്താവളമായി ഇത് അറിയപ്പെടുന്നു. 100 വരെ ഭീകരരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കേന്ദ്രത്തിന്റെ മേല്‍നോട്ടം ജെയ്ഷെ ഓപ്പറേഷന്‍ കമാന്‍ഡര്‍ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരി നേരിട്ടാണ് വഹിച്ചിരുന്നത്. ഈ ഭീകര കേന്ദ്രത്തില്‍, പാക് സൈന്യത്തിലെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്‍ഡോകള്‍ എത്തി ജയ്ഷെ ഭീകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
ഈ ഭീകരകേന്ദ്രങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് തരിപ്പിണമാക്കിയിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. ഈ 9 ഭീകര പരിശീലന കേന്ദ്രങ്ങളില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ്. കരസേനയും വായുസേനയും നാവികസേനയും സംയുക്തമായി ഭീകര താവളങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഞെട്ടിവിറച്ചിരിക്കുകയാണ് പാകിസ്ഥാന്‍.