കുറ്റകൃത്യം ചെയ്തതിന് രക്ഷിതാക്കള്‍ ജയിലിലായി, ഒറ്റപ്പെട്ടുപോയ ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

മലപ്പുറം : പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള ആറു വയസ്സുകാരനെ സ്വദേശമായ വെസ്റ്റ് ബംഗാള്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയില്‍ എത്തിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാലനെ സ്വദേശത്ത് എത്തിച്ചത്.

പെരിന്തല്‍മണ്ണയില്‍ നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് പിടികൂടി കേരളത്തില്‍ എത്തിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടായിരുന്നു. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവോടു കൂടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുമായിരുന്നു. രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടി വളരെയധികം മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. തലസീമിയ അസുഖബാധിതനായ ബാലന്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസമിയ മെഡിക്കല്‍ യൂണിറ്റില്‍ 2021 മുതല്‍ ചികിത്സയിലായിരുന്നു. കുട്ടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചികിത്സ തുടരുകയും ചെയ്തിരുന്നു.

പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസീമിയ യൂണിറ്റില്‍ നിന്നും വൈദ്യ സഹായം കൃത്യമായി ലഭിക്കേണ്ടതുള്ളതിനാലും കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള കുട്ടിയുടെ അതിയായ താല്പര്യം പരിഗണിച്ചും അടിയന്തര ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ് പുര്‍ബ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജിബാനന്ദ ദാസിനെ ബന്ധപ്പെടുകയും കുട്ടിയെ നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട അടിയന്തര സഹായങ്ങള്‍ അദ്ദേഹം നല്‍കുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എ.സുരേഷ്, മെമ്പര്‍മാരായ അഡ്വ രാജേഷ് കുമാര്‍ പുതുക്കാട്, അഡ്വ പി.ജാബിര്‍, ശ്രീജ പുളിക്കല്‍, സി. ഹേമലത എന്നിവരുടെ ഉത്തരവോടു കൂടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.കെ മുഹമ്മദ് സാലിഹ്, സോഷ്യല്‍ വര്‍ക്കര്‍ പി. സുരാഗ്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം കൗണ്‍സിലര്‍ പി.ടി ശിഹാബുദ്ധീന്‍ എന്നിവര്‍ കുട്ടിയെ സ്വദേശത്തെത്തിക്കുകയായിരുന്നു.

error: Content is protected !!