ബുദ്ധിപരിമിത സൗഹൃദ മലപ്പുറം ജില്ല : പരിവാര്‍ ദ്വൈമാസ ക്യാംപയിനിന് തുടക്കം

മലപ്പുറം : ബുദ്ധി പരമായ വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ബുദ്ധി പരിമിത സൗഹൃദ മലപ്പുറം ജില്ല ‘ എന്ന സന്ദേശത്തില്‍ ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി നടക്കുന്ന ദ്വൈമാസ ക്യാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ് നിര്‍വ്വഹിച്ചു. ക്യാംപയിന്‍ പദ്ധതി രൂപരേഖ കൈപ്പുസ്തകത്തിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു.

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് ആര്‍.പി.ഡബ്‌ളിയു ആക്ടും നാഷണല്‍ ട്രസ്റ്റ് ആക്ടും സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും വിഭാവനം ചെയ്യുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക, ബഡ്‌സ് ബി.ആര്‍.സി, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ,പൊതു വിദ്യാലയങ്ങള്‍ എന്നിവ സര്‍ക്കാര്‍ മാര്‍ഗ്ഗരേഖകളും ഭിന്നശേഷി നിയമങ്ങളും അനുശാസിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുക, സ്ഥാപനങ്ങള്‍ ആവശ്യമുള്ള ഇടങ്ങളില്‍ അവ സ്ഥാപിതമാക്കുക എന്നിവയാണു ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്.

ക്യാംപയിനിന്റെ ഭാഗമായി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ‘അദാലത്ത് മീറ്റു’ കള്‍ക്കൊപ്പം മേല്‍ സ്ഥാപനങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാറിനും റിപ്പോര്‍ട്ടുകള്‍ കൈമാറി പരിഹാരത്തിനു ശ്രമം നടത്തുകയും ചെയ്യും.

പരിവാര്‍ ജില്ലാ ജന: സെക്രട്ടറി ജാഫര്‍ ചാളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പരിവാര്‍ ജില്ലാ പ്രസിഡണ്ട് പി.ഖാലിദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. ജില്ലാ കോഡിനേറ്റര്‍ സിദ്ദീഖ് ഒഴൂര്‍, അസി: കോഡിനേറ്റര്‍ സിദ്ദീഖ് മാളിയേക്കല്‍ പ്രസംഗിച്ചു. ജില്ലാ ജോ: സെക്രട്ടറിമാരായ കൃഷ്ണകുമാര്‍ തേഞ്ഞിപ്പലം സ്വാഗതവും ഷിജു കരുളായി നന്ദിയും പറഞ്ഞു.

രാവിലെ 10 മണിക്ക് നടന്ന മലപ്പുറം പരിവാര്‍ വളണ്ടിയേര്‍സ് കോര്‍ സംഗമം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി & സബ് ജഡ്ജ് ഷാബിര്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. പരിവാര്‍ ജില്ലാ ട്രഷറര്‍ അബ്ദുസ്സമദ് പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ട്രോമാകെയര്‍ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ .പ്രതീഷ് ക്‌ളാസ് എടുത്തു. വളണ്ടിയേഴ്‌സ് കോര്‍ ചെയര്‍മാന്‍ അയ്യൂബ് താഴെക്കോട് വളണ്ടിയേഴ്‌സ് ടാഗ് പ്രകാശനം നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറി സ്വഫ് വാന്‍ മലപ്പുറം സ്വാഗതം പറഞ്ഞു. വളണ്ടിയേഴ്‌സ് വനിതാ വിംഗ് ലീഡര്‍ റൈഹാനത്ത് മഞ്ചേരി നന്ദി പറഞ്ഞു .

error: Content is protected !!