Saturday, August 29

ക്യാമ്പസുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ: msf പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഡിവൈ.എസ്.പിമാർക്ക് എസ്.പിയുടെ നിർദ്ദേശം

മലപ്പുറം: മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്ന നീചമായ സൈബർ ആക്രമണത്തിനെതിരെ മലപ്പുറം ജില്ലാ msf കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതും വലിയ മാനസിക സംഘർഷത്തിന് ഇടയാക്കുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം കണ്ടെത്താനും, ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനും, പ്രചരിച്ച പ്രസ്തുത ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യുന്നതിനും അടിയന്തര സൈബർ പോലീസ് നടപടികൾ ഉണ്ടാകണമെന്നും സംഘം എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പി (DYSP) മാർക്ക് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി.

msf ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യം, ജനറൽ സെക്രട്ടറി ജസീൽ പറമ്പൻ, ഹരിത സംസ്ഥാന ജനറൽ കൺവീനർ ടി പി ഫിദ, msf ജില്ലാ ഭാരവാഹികളായ ആയിഷ റിള, നവാഫ് കള്ളിയത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ പോലീസ് മേധാവിയെ സന്ദർശിച്ച് നിവേദനം നൽകിയത്.

പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെയും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നത് വരെയും ശക്തമായ നിയമ-വിദ്യാർത്ഥി പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ അറിയിച്ചു.

error: Content is protected !!