പരപ്പനങ്ങാടി : കീരനല്ലൂര്‍ ന്യൂ കട്ട് പുഴക്ക് കുറുകെയുള്ള നിലവിലെ ചെറിയ പാലത്തിന് പകരമായി പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഇനി വേഗത്തിലാകും. പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി സയന്‍സ് പാര്‍ക്ക് നിര്‍മ്മിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഭൂമിയുടെ നിരാക്ഷേപ പത്രം ലഭിച്ചതായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് അറിയിച്ചു. ഇതോടെയാണ് പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായത്.
കേരള പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങള്‍ വിഭാഗമാണ് കീരനല്ലൂര്‍ ന്യൂ കട്ട് പാലം നിര്‍മ്മിക്കുന്നത്. 22 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പാലം ഇന്‍ ലാന്റ് നാവിഗേഷന്‍ പാതകൂടി പരിഗണിച്ച് ഡിസൈന്‍ ചെയ്ത ബോക്‌സ്ട്രിപ്പ് മാതൃകയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഭരണാനുമിതിയും, സാങ്കേതിക അനുമതിയും മുന്നേ ലഭിച്ചത് കൊണ്ട് ഉടന്‍ തന്നെ ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പരിസരവാസികളും.