മരിച്ച് അടക്കം ചെയ്തയാള്‍ എഴാം നാള്‍ മരണാനന്തര ചടങ്ങിനിടെ തിരിച്ചെത്തി

കൊച്ചി: മരിച്ച് അടക്കം ചെയ്തയാള്‍ ഒരാഴ്ച്ചക്ക് ശേഷം തിരിച്ചുവന്നു. ആലുവ ചുണങ്ങം വേലിയിലെ ആന്റണി ഔപ്പാടനാണ് ഏഴാംനാള്‍ സെമിത്തേരിയില്‍ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇതൊന്നുമറിയാതെ നാട്ടിലെത്തിയത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് രംഗത്തെത്തി. ബന്ധുക്കള്‍ ആള് മാറി അടക്കം ചെയ്തതായി പൊലീസ് പറയുന്നു. ആന്റണി തിരിച്ചെത്തിയതോടെ പള്ളിയില്‍ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

ആന്റണി ബസിറങ്ങുന്നത് കണ്ട അയല്‍ക്കാരനും ആന്റണിയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത സുബ്രമണ്യന്‍ ആദ്യം ഒന്നമ്പരന്നെങ്കിലും ഉടന്‍ ബന്ധുക്കളെ വിളിച്ച് ഉറപ്പ് വരുത്തി. നാട്ടിലെത്തിയപ്പോഴാണ് താന്‍ മരിച്ചെന്നും ഇന്ന് തന്റെ മരണാനന്തര ചടങ്ങിന്റെ ഏഴാമത്തെ ദിവസവും ആണെന്ന് ആന്റണി അറിഞ്ഞത്.

ഓഗസ്റ്റ് പതിനാലിനാണ് ആന്റണി മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അങ്കമാലി പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത ദിവസം ഇയാള്‍ മരണപ്പെട്ടു. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ആന്റണിയുടേതാണെന്ന് ആദ്യം ‘തിരിച്ചറിഞ്ഞത്’ സഹോദരിയാണ്. ആന്റണിയുടെ തലയിലും കാലിലുമുള്ള മുറിവിന്റെ പാടുകള്‍ കണ്ടാണ് സഹോദരി തെറ്റിദ്ധരിച്ചത്.

മൂവാറ്റുപുഴയില്‍ ഒറ്റക്ക് താമസിക്കുന്ന അവിവാഹിതനായ ആന്റണി ആലുവ മാര്‍ക്കറ്റിലും മൂവാറ്റുപുഴയിലും മറ്റും ചെറിയ ജോലികള്‍ ചെയ്ത് കടത്തിണ്ണയില്‍ കിടന്നുറങ്ങിയാണ് ജീവിച്ചിരുന്നത്. അതേസമയം, മരണപ്പെട്ടത് കോട്ടയം സ്വദേശി രാമചന്ദ്രന്‍ എന്നയാള്‍ ആയിരിക്കാമെന്നാണ് ആന്റണി പറയുന്നത്. തന്റെ രൂപസാദൃശ്യമുള്ള രാമചന്ദ്രനെ ആന്റണി മുമ്പ് പരിചയപ്പെട്ടിരുന്നു. അലഞ്ഞ് നടക്കുന്ന ശീലക്കാരനായിരുന്നു രാമചന്ദ്രനും.

error: Content is protected !!