കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ്റ്റഡിയില്‍ പൊലീസ് കൊന്നത്. താനൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സ് പോലീസുകാരുടെ ചീട്ടുകളിയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണ്. മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് എസ്. പി. സുജിത് ദാസ് ഐ. പി. എസ്. ശ്രമിക്കുന്നത്. മലപ്പുറം ക്രിമിനലുകളുടെ കേന്ദ്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. അതിനായി കള്ളക്കേസുകള്‍ തുരുതുരാ എടുത്തുകൊണ്ടിരിക്കുകയാണ്. താമിര്‍ ജിഫ്രിയെ അറസ്റ്റ് ചെയ്ത സമയവും സ്ഥലവും തെറ്റായാണ് ഈ എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്.

ജനമൈത്രി പോലീസല്ല, ഗുണ്ട മൈത്രി പോലീസാണ് കേരളത്തിലുള്ളത്. ലഹരി വേട്ടയുടെ പേരില്‍ കസ്റ്റഡിയില്‍ എടുക്കുന്നവരെ ഡാന്‍സാഫ് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. എസ്. പി. യെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രമേ സി.ബി.ഐ. അന്വേഷണം നിഷ്പക്ഷമാകൂ. ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നിരവധി കസ്റ്റഡി മരണങ്ങള്‍ നടന്നു. സര്‍ക്കാര്‍ മനോവീര്യമുണ്ടാക്കുന്നത് പൊലീസിലെ കൊലയാളി സംഘങ്ങള്‍ക്കാണെന്നും മനുഷ്യരെ അടിച്ചു കൊല്ലുന്നത് പോലീസിന് ഒരു ലഹരിയാണെന്നും ഫിറോസ് പറഞ്ഞു.

error: Content is protected !!