പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു, കൂടുതല്‍ മലപ്പുറത്ത്

Copy LinkWhatsAppFacebookTelegramMessengerShare

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി മലബാര്‍ മേഖലയില്‍ 97 അധിക ബാച്ചുകള്‍ താല്‍കാലികമായി അനുവദിക്കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. 53 താല്‍ക്കാലിക ബാച്ചുകളാണ് മലപ്പുറം ജില്ലയില്‍ അനുവദിച്ചിരിക്കുന്നത്. മലബാറില്‍ 15,784 സീറ്റുകള്‍ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേര്‍ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.

മലപ്പുറം 53, പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂര്‍ 10, കാസര്‍കോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പരിഹരിക്കും. മലപ്പുറത്ത് അണ്‍ എയ്ഡഡ് സ്‌കൂള്‍ ഏറ്റവും അധികം അനുവദിച്ചത് യുഡിഎഫാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍, എയ്ഡഡ് മെരിറ്റ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇ -33,030, അണ്‍ എയ്ഡഡ് -54,585ഉം ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,025 ആണ്. രണ്ടാം സപ്ലിമെന്ററി ആലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയപ്പോള്‍ മെരിറ്റ് ക്വാട്ടയില്‍ 2,92,624 പേരും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3930 പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ 33,854 പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 25,585 പേരും ഉള്‍പ്പെടെ 3,76,590 പേര്‍ പ്ലസ് വണ്‍ പ്രവേശനം നേടി. വിഎച്ച്എസ്ഇയില്‍ 27134 പേരും പ്രവേശനം നേടി.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂര്‍-949, കാസര്‍ഗോഡ്- 1076 പേര്‍ അടക്കം മലബാര്‍ മേഖലയില്‍ 15,784 പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!