![](https://tirurangaditoday.in/wp-content/uploads/2025/02/th.jpg)
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ എരുമകുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് രാവിലെ സ്‌കൂള്‍ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ക്ലാസില്‍ അസൈന്‍മെന്റ് സീല്‍ ചെയ്യുന്നതിന് വേണ്ടി ഓഫീസില്‍ പോയി സീല്‍ എടുത്തു കൊണ്ടുവരാന്‍ ടീച്ചര്‍ ബെന്‍സനോട് പറഞ്ഞിരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓഫീസിലെത്തി ക്ലര്‍ക്കിനോട് സീല്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ പറ്റില്ല എന്ന് ക്ലര്‍ക്ക് പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായെന്നാണ് വിവരം. വാക്ക് തര്‍ക്കം രൂക്ഷമായതോടെ അധ്യാപകര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇന്ന് രക്ഷകര്‍ത്താവിനെ വിളിച്ചുകൊണ്ടുവന്നതിനുശേഷം ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിയോട് പറയുകയും ചെയ്തു.
സ്‌കൂള്‍ അധികൃതര്‍ വിഷയം ബെന്‍സന്റെ വീട്ടിലും അറിയിച്ചു. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം സ്‌കൂള്‍വിട്ടു വീട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ വീട്ടുകാരും വഴക്കുപറഞ്ഞു. ഇതോടെ വിഷമത്തിലായ വിദ്യാര്‍ത്ഥി സഹപാഠികളോടെ വിവരം പങ്കുവെച്ചു. രാത്രി 12 മണിയോടുകൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്നു മണിയായിട്ടും വിദ്യാര്‍ത്ഥിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആര്യനാട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടന്ന അന്വേഷണത്തില്‍ രാവിലെ 5 മണിയോടുകൂടി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.