പ്ലസ്‍വണ്‍: സ്പോര്‍ട്സ് ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം


2023-24 അദ്ധ്യയന വര്‍ഷത്തെ പ്ലസ്‍വണ്‍ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2021 ഏപ്രല്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് പരിഗണിക്കുക. വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സ്‌പോര്‍ട്‌സ് ക്വാട്ട (SPORTS ACHIEVEMENT REGISTRATION)) അപേക്ഷ നല്‍കണം. തുടര്‍ന്ന് ഇതിന്റെ പ്രിന്റ്ഔട്ടും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പും (ഒബ്‌സര്‍വര്‍ സീലും ഒപ്പും ഉള്‍പ്പെടെ) സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നും മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇതിനായി തയ്യാറാക്കിയ plusonesports21@gmail.com എന്ന മെയില്‍ ഐഡിയയിലേക്ക് അയക്കണം. പരിശോധനയില്‍ അപേക്ഷയിലും സര്‍ട്ടിഫിക്കറ്റിലും അപാകതയില്ലെങ്കില്‍ അതേ മെയില്‍ ഐഡിയില്‍ തന്നെ സ്‌കോര്‍ കാര്‍ഡ് തിരിച്ച് അയക്കും. സ്‌കോര്‍ കാര്‍ഡ് കിട്ടിയതിന് ശേഷം ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് CREATE CANDIDATE LOGIN -SPORTS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് APPLY ONLINE – SPORTS എന്ന ലിങ്കിലൂടെ സ്‌കൂള്‍/ കോഴ്‌സുകള്‍ നല്‍കണം. സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലവും ഇതോടൊപ്പം അയക്കണം. സര്‍ട്ടിഫിക്കറ്റില്‍ എന്തെങ്കിലും സംശയം വന്നാല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നേരിട്ട് ഹാജരാകുവാന്‍ ആവശ്യപ്പെടുന്നതാണെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04832734701, 9495243423 എന്നീ നമ്പറുകളില്‍ ലഭിക്കും.

error: Content is protected !!