തിരൂരങ്ങാടി : റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കോടതി വിധി നിരാശജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. യാതൊരു പ്രകോപനവുമില്ലാതെ പള്ളിയില്‍ ഉറങ്ങി കിടന്ന ഒരു സാധുവായ മനുഷ്യനെ സംഘം ചേര്‍ന്ന് സംഘപരിവാര്‍ കാപാലികര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് കേസിനു ഈ ഗതി വരാനുള്ള കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇത്തരം ഒരു വിധിയിലേക്ക് നയിച്ച സാഹചര്യം വിലയിരുത്തപ്പെടണം. അപ്പീല്‍ പോയി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും നീതിപീഠത്തിലാണ് പ്രതീക്ഷയെന്നും നീതി നടപ്പാക്കണമെന്നും പിഎംഎ സലാം പറഞ്ഞു.
2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ കുടക് സ്വദേശി 27 വയസുള്ള റിയാസ് മൗലവിയെ ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടന്ന് മൂന്ന് ദിവസത്തിനകം കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഡോ.എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്ന് കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെ പിടികൂടിയിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. 2019ല്‍ വിചാരണ ആരംഭിച്ചു.
ഏഴു വര്‍ഷങ്ങള്‍ക്കിറപ്പുമാണ് കേസില്‍ വിധി വന്നത്. മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സഷന്‍സ് കോടതിയുടേതാണ് വിധി. ജഡ്ജ് കെ. കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്.