
കിഴിശ്ശേരി: വീട്ടുകാര്‍ പുറത്തുപോയ തക്കത്തിന് അമ്മിക്കല്ലുകൊണ്ട് വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 17-കാരന്‍ പോലീസിന്റെ പിടിയില്‍. കിഴിശ്ശേരി വാളശ്ശേരി ചോലയില്‍ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിഴിശ്ശേരി സ്വദേശിയായ 17 കാരന്‍ തന്നെ ആണ് പോലീസ് പിടികൂടിയത്. രണ്ടര പവന്‍ സ്വര്‍ണാഭരണമാണ് 17 കാരന്‍ മോഷ്ടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രാത്രി ഏഴിന് വീടു പൂട്ടി പുറത്തുപോയ മുഹമ്മദ് ബഷീറും കുടുംബവും രാത്രി 11-ന് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കിഴിശ്ശേരി അങ്ങാടിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംശയമുളവാക്കിയ ഒരു വാഹനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചാണ് പതിനേഴുകാരനിലെത്തിയത്.
കുട്ടിയുടെ വീട്ടില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ രണ്ടരപ്പവന്‍ വരുന്ന ബ്രേസ്ലറ്റ്, കമ്മല്‍, മോതിരം എന്നിവ കണ്ടെടുത്തു. പതിനേഴുകാരനെ തവനൂരിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.