
കാസർകോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍കോട് പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെ ഇവിടെനിന്ന് ഒരു സ്വർണമാല കാണാതെപോയെന്നും അത് ജസീല മോഷ്ടിച്ചതാണെന്നുമായിരുന്നു ആരോപണം. തുടർന്ന് ആദൂർ പോലീസ് ഈ വിഷയത്തില്‍ ജസീലയെ ചോദ്യംചെയ്യാനും വിളിപ്പിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ ജസീലയ്‌ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല.
ജീവനൊടുക്കുന്നതിന് മുമ്പ് നിരപരാധിത്വം വെളിപ്പെടുത്തിക്കൊണ്ട് ജസീല ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായതില്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ പറഞ്ഞു. താന്‍ ആരുടെയൊക്കെയോ കൂടെ കോഴിക്കോട് പോയി മുറിയെടുത്തു എന്നൊക്ക അവര്‍ പറഞ്ഞ് നടക്കുകയാണ്. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ ചോദിച്ചിരുന്നു.
താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ ചോദിച്ചിരുന്നു.
ജസീലയുടെ സുഹൃത്ത് അഫ്രീദിന്റെ മാതാവാണ് പ്രതി. അഫ്രീദ് കേസിലെ മറ്റൊരു പ്രതിയാണ്. ജസീല സുഹൃത്തിന് നല്‍കിയ
രണ്ടര പവൻ സ്വർണ്ണം കൊടുത്തത് തിരിച്ച് ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്നും ജസീലയുടെ മാതാവ് മുംതാസ് പറഞ്ഞു.
പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്.