പോപുലര്‍ ഫ്രണ്ട് ഹർത്താൽ; തിരൂരങ്ങാടിയിൽ 9 പേരുടെ സ്വത്ത് കണ്ടുകെട്ടി

തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടി തുടങ്ങിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നടപടി പൂര്‍ത്തീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ നിര്‍ദേശം. ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കള്‍ കൂട്ടത്തോടെ കണ്ടുകെട്ടുന്നത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തരുതെന്ന ഉത്തരവ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.

ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. ഈ തുക ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികൾ നീളുന്നതിൽ സർക്കാറിന് ഹൈകോടതിയുടെ വിമർശനവും നേരിടേണ്ടിവന്നു. നോട്ടീസ് പോലും നല്‍കാതെ ജപ്തിയുമായി മുന്നോട്ടുപോകാന്‍ ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ആ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണര്‍ ജപ്തി ഉത്തരവിറക്കിയത്.

തിരൂരങ്ങാടി താലൂക്കിൽ 10 പേരുടെ സ്വത്തുക്കൾ ജപ്തി ചെയ്യാനാണ് താലൂക് അധികൃതർ നടപടി സ്വീകരിച്ചത്. ഒരാളുടെ സ്വത്ത് കൈമാറ്റം ചെയ്തു കഴിഞ്ഞതിനാൽ 9 പേരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. എടരിക്കോട് ക്ലാരി സ്വദേശി ചെട്ടിയാം തൊടി അഷ്റഫ്, ഒതുക്കുങ്ങൽ മറ്റത്തൂർ പെഴുന്തരമ്മൽ ഷൗക്കത്തലി, വള്ളിക്കുന്ന് പരുത്തിക്കാട് അമ്പലക്കണ്ടി ഹംസക്കോയ, വള്ളിക്കുന്ന് കച്ചേരിക്കുന്ന കരുവളപ്പിൽ റഹീം, നന്നംബ്ര തെയ്യാല പട്ടരാട്ട് റഫീഖ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെനക്കൽ കടക്കുളത്ത് ചാലിയിൽ മുഹമ്മദ് ബഷീർ, .തിരൂരങ്ങാടി ടുഡേ. ചെമ്മാട് സി കെ നഗർ പള്ളിയാളി മൊയ്‌ദീൻ കുട്ടി, വേങ്ങര വലിയോറ കുറുക പാലച്ചിറ അബ്ദുറസാഖ്, വലിയോറ എളമ്പിലാശേരി മുഹമ്മദ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. ഇന്നലെ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ് അധികൃതർ എത്തിയാണ് നടപടി സ്വീകരിച്ചത്.

ജപ്തി ചെയ്യുന്ന വീടുകളും മറ്റ് സ്വത്തുക്കളും ലേലംചെയ്യും. നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ല അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23നകം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലുൾപ്പെട്ട പ്രധാന നേതാക്കളുടേതടക്കം പട്ടിക ആഭ്യന്തരവകുപ്പ് കൈമാറിയതിന് പിന്നാലെ താലൂക്ക് അടിസ്ഥാനത്തിലാണ് ജപ്തി ആരംഭിച്ചത്. പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സെപ്റ്റംബർ 22ന് ഉണ്ടായ നടപടിക്കെതിെര 23നാണ് കേരളത്തിൽ ഹർത്താൽ നടത്തിയത്.

error: Content is protected !!