അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് വില കൂടും

തിരുവനന്തപുരം : അര്‍ബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ വില കൂടും. ഒപ്പം ആയിരത്തോളം മരുന്നുകുട്ടുകള്‍ക്കും (ഫോര്‍മുലേഷന്‍സ്) വില കൂടും. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ (എന്‍എല്‍ഇഎം) ഉള്‍പ്പെട്ടവയാണിവ. വാര്‍ഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവര്‍ധനയ്ക്ക് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അനുമതി നല്‍കി.

ഇന്‍സുലിന്‍, മെറ്റ്‌ഫോര്‍മിന്‍, ഗ്ലിമെപിറൈഡ് തുടങ്ങിയ പ്രമേഹ മരുന്നുകള്‍, പാരാസെറ്റ മോള്‍, രക്തസമ്മര്‍ദം നിയന്ത്രിക്കാനുള്ള അംലോഡിപിന്‍, മെറ്റൊപ്രൊലോല്‍, അര്‍ബുദ മരുന്നായ ജെഫിറ്റിനിബ്, ഡ്രിപ്പിനും അണുനശീകരണത്തിനും ഉപയോഗിക്കുന്ന റിങ്ങര്‍ ലാക്‌റ്റേറ്റ്, യൂറോഹെഡ് ബോട്ടില്‍, ആന്റി ബയോട്ടിക്കുകളായ മെട്രോണി ഡാസോള്‍, സിപ്രോഫ്‌ലോക്‌സാസിന്‍, മൂത്രാശയരോഗത്തിനുള്ള മാനിറ്റോള്‍, ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങിയവയ്ക്കു വില വര്‍ധിക്കും.

വിലനിയന്ത്രണ പട്ടികയ്ക്കു പുറത്തുള്ള നോണ്‍ ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വിലയില്‍ 10% വര്‍ധനയുണ്ടാകും. കൊറോണറി സ്റ്റെന്റുകളുടെ വില 700 രൂപവരെ വര്‍ധിക്കും. ബെയര്‍ മെറ്റല്‍ സ്സ്‌റ്റെന്റുകളുടെ മിനിമം വില യൂണിറ്റിന് 10,692.69 രൂപയാകും. ബയോ ഡീഗ്രേഡബിള്‍ സ്റ്റെന്റ് ഉള്‍പ്പെടെ ഡ്രഗ് എല്യൂട്ടിങ് സ്റ്റെന്റുകളുടെ വില യൂണിറ്റിന് 38,933.14 രൂപയാകുമെന്നാണു സൂചന.

error: Content is protected !!