തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരത്തില്‍ നിന്ന് പിന്‍മാറിയതായി സ്വകാര്യ ബസ് ഉടമകള്‍. 140 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. അതേ സമയം സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്കും അനുവദിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 31 ന് മുമ്പ് രഘുരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപെട്ടു. സീറ്റ് ബെല്‍റ്റ്, ക്യാമറ തുടങ്ങി ബസുടമകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നു സംഘടന ചൂണ്ടിക്കാട്ടി. 2022 മേയില്‍ നടപ്പിലാക്കിയ യാത്രാനിരക്ക് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി പറയുന്നു. നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സംയുക്തസമര സമിതി കൂട്ടിച്ചേര്‍ത്തു.