ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദാക്കിയെന്ന പ്രചരണം അടിസ്ഥാന രഹിതം: അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ

തവനൂർ: കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകൾ റദ്ദ് ചെയ്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് പൊന്നാനി എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. നരേന്ദ്രമോദി സർക്കാർ സ്കോളർഷിപ്പ് റദ്ദാക്കുകയല്ല മറിച്ച് ഒരു കോടി സ്കോളർഷിപ്പ് ഉണ്ടായിരുന്നത് അഞ്ചു കോടിയാക്കി ഉയർത്തിയെന്നും സ്ഥാനാർത്ഥി പറഞ്ഞു. 15 ഇന സ്കോളർഷിപ്പുകളാണ് ന്യൂനപക്ഷ വിഭാഗത്തിനായി കേന്ദ്ര സർക്കാർ നിലവിൽ നൽകി വരുന്നത്. ന്യൂനപക്ഷ വിഭാഗത്തിലേ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാണ് മോദി സർക്കാരിന്റെ പദ്ധതികൾ.

മോദി സർക്കാർ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ അനർഹരുടെ പേരുകളിൽ ഇത്തരം സ്കോളർഷിപ്പുകൾ തട്ടിയെടുക്കുന്നത് പതിവായിരുന്നു. എന്നാൽ മോദി സർക്കാർ ഇത്തരം പ്രവണതകൾക്ക് അന്ത്യം കുറിച്ചു. സർക്കാർ ആനുകുല്യങ്ങൾ കൃത്യമായി അർഹരായവരുടെ കൈകളിലേക്ക് തന്നെ എത്തുകയാണ്. ഇത്തരം നിലപാടുകൾ ചിലർക്ക് തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെന്നും ഇക്കൂട്ടരാണ് തെറ്റായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അഡ്വ. നിവേദിത സുബ്രഹ്മമണ്യൻ ചുണ്ടികാട്ടി. മോദി സർക്കാരിനെതിരെയുള്ള ഇത്തരം ദുഷ്പ്രചരണങ്ങൾ പൊന്നാനിയിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളികളയുമെന്നും എൻഡിഎ സ്ഥാനാർത്ഥി വ്യക്തമാക്കി.

അതേ സമയം സംസ്ഥാന സർക്കാർ രാഷ്ട്രീയം നോക്കിയാണ് ആനുകുല്യങ്ങൾ നൽകുന്നതെന്ന് നിവേദിത സുബ്രഹ്മണ്യൻ ആരോപിച്ചു. ബിജെപി അനുഭാവികൾ ആണെന്നതിന്റെ പേരിൽ മണ്ഡലത്തിലെ എസ് സി എസ് ടി വിദ്യാർത്ഥികൾക്കുള്ള ആനുകുല്യങ്ങൾ പോലും നിഷേധിക്കുകയാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടികൾക്ക് നേതൃത്വം നൽകുമെന്നും ജാതിമത രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പൊന്നാനിയിലെ എല്ലാവർക്കും വികസനം എത്തിക്കുമെന്നതാണ് എൻഡിഎ വാഗ്ദാനം ചെയ്യുന്നതെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.

തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് വാളമരുതൂരിൽ 2 ഏക്കർ സ്ഥലത്ത് വിളയിച്ച കണിവെള്ളരി വിളവെടുപ്പ് നടത്തികൊണ്ടാണ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പ്രചരണം ആരംഭിച്ചത്. വാളമരുതൂർ ദേവിക്ഷേത്ര ഭൂമിയിൽ കർഷക ദമ്പതിമാരായ മനോജ് സീമ എന്നിവർ കൃഷി ചെയ്ത കണിവെള്ളരികളാണ് വിളയെടുത്തത്. മംഗലം പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്ഥാനാർത്ഥി വോട്ട് തേടി. വാളമരുതൂരിലെ ഹരിത കർമ്മ ജീവനക്കാരുമായും സംസാരിച്ച സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ കാവഞ്ചേരി കോലോത്ത് വളപ്പിൽ നടന്ന കുടുംബയോഗത്തിലും പങ്കെടുത്തു. തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് അജേഷ് അമ്പാട്ട് , ബി.ജെ.പി മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ടി. ശ്രീനിവാസൻ, ബൂത്ത് പ്രസിഡൻ്റ് പ്രേംകുമാർ, ഓ.ബി.സി. മോർച്ച സംസ്ഥാന കമ്മറ്റി അംഗം മനോജ് പാറശ്ശേരി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിന് നേതൃത്വം നൽകി.

error: Content is protected !!