
വിവാഹ ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്ത് യുവതി.മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്.
ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ആദ്യം ഹണിമൂണിന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനം എന്നാല്‍ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ പോകാമെന്നായിരുന്നു ഭര്‍ത്താവിന്റെ വാഗ്ദാനം.
എന്നാല്‍, ഭാര്യയോട് പറയാതെ ഇയാള്‍ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസം ഇയാള്‍ ഭാര്യയെ അറിയിച്ചു. അന്നൊന്നും യുവതി യാത്രയോട് എതിര്‍പ്പുയര്‍ത്തിയില്ല. എന്നാല്‍, തീര്‍ഥാടന സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഉടന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവ് തനിക്ക് നല്‍കുന്ന പരിഗണനയേക്കാള്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നുവെന്നും ഭാര്യ ആരോപിച്ചു. ഭാര്യ അനാവശ്യമായ കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കുകയാണെന്നാണ് ഭര്‍ത്താവിന്റെ പരാതി. ദമ്പതികള്‍ ഭോപ്പാല്‍ കുടുംബ കോടതിയില്‍ കൗണ്‍സിലിംഗിലാണ്.