ജീവനെടുത്ത അന്ധ വിശ്വാസം ; ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന് വിശ്വസിച്ചു, മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അഞ്ചുവയസ്സുകാരന്‍ മരിച്ചു

ഗംഗാനദിയില്‍ മുങ്ങിയാല്‍ രക്താര്‍ബുദം മാറുമെന്ന അന്ധ വിശ്വാസത്തെ തുടര്‍ന്ന് അഞ്ചുവയസ്സുകാരനെ ഗംഗയില്‍ മുക്കിയപ്പോള്‍ നഷ്ടമായത് ജീവന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. മാതാപിതാക്കള്‍ നോക്കി നില്‍ക്കെ കുട്ടിയുടെ അമ്മായിയാണ് കൊടുംതണുപ്പത്ത് ഗംഗയില്‍ മുക്കിയത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം.

ഡല്‍ഹി സ്വദേശികളാണ് രക്താര്‍ബുദ ബാധിതനായ മകനെയും കൊണ്ട് അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ഹരിദ്വാറിലെത്തിയത്. കുട്ടിയുടെ അമ്മായിയാണ് കരച്ചില്‍ അവഗണിച്ച് ഗംഗയിലെ വെള്ളത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതുവരെ കുട്ടിയെ മുക്കിയത്. സമീപത്തുണ്ടായിരുന്നുവര്‍ യുവതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ അവഗണിച്ചെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായി എസ്എച്ച്ഒ അറിയിച്ചു.

ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഞ്ചുവസ്സുകാരന്‍. രോഗം മൂര്‍ച്ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാകില്ലെന്നു ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണു രക്ഷിതാക്കള്‍ അന്ധവിശ്വാസത്തിന്റെ മാര്‍ഗത്തിലേക്കു തിരിഞ്ഞത്. കുടുംബം ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഹരിദ്വാറില്‍ എത്തിയത്. കുട്ടിക്കൊപ്പം മാതാപിതാക്കളും ബന്ധുവായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ഇവരെ കൊണ്ടുവന്ന ക്യാബ് ഡ്രൈവര്‍ പറഞ്ഞു

രക്ഷിതാക്കള്‍ക്കൊപ്പം കുട്ടിയുടെ അമ്മായിയെന്നു കരുതുന്ന ഒരു സ്ത്രീയും കുട്ടിയുടെ കൂടെ ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ഉറക്കെ പ്രാര്‍ഥന ചൊല്ലുന്നതും ബന്ധുവായ സ്ത്രീ കുട്ടിയെ ഗംഗാ നദിയില്‍ മുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുറേ സമയം കഴിഞ്ഞും കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തില്ല. തടിച്ചുകൂടിയവര്‍ ബലം പ്രയോഗിച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ അമ്മായി മൃതദേഹത്തിനരികിലിരുന്ന് കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.

error: Content is protected !!