
തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ പരിപാടികളില്‍ നേതാക്കളുടെ ഫോട്ടോമാനിയക്കും വേദിയിലെ തിരക്കിനും കടിഞ്ഞാണിടാന്‍ കെപിസിസി. അടുത്ത കാലത്തായി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം ഉണ്ടായ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്ക് പെരുമാറ്റച്ചട്ടവുമായി കെപിസിസി രംഗത്തെത്തിയിരിക്കുന്നത്. കസേരയില്‍ പേരില്ലാത്തവര്‍ക്ക് ഇനി കോണ്‍ഗ്രസിന്റെ വേദികളില്‍ ഇടമുണ്ടാകില്ല. ഇത് സംബന്ധിച്ച് ഉടന്‍ സര്‍ക്കുലര്‍ രൂപത്തില്‍ താഴേക്കു നല്‍കും.
താഴേത്തട്ടു മുതല്‍ കെപിസിസി തലം വരെയുള്ള മുഴുവന്‍ പരിപാടികളിലും വേദിയിലുണ്ടാകേണ്ടവരുടെ പേരുകള്‍ കസേരകളില്‍ പതിക്കണമെന്നും പേരില്ലാത്ത ഒരാള്‍പോലും വേദിയില്‍ വേണ്ടെന്നും കെപിസിസി നിര്‍ദേശിക്കും. പാര്‍ട്ടി പരിപാടികളുടെ വേദിയില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമേയുണ്ടാകാന്‍ പാടുള്ളൂ. ഇതനുസരിച്ചുള്ള കാര്യപരിപാടി നോട്ടിസ് പ്രിന്റ് ചെയ്തു വേദിയില്‍വയ്ക്കണം. ക്ഷണിക്കപ്പെട്ടവരുടെ പാര്‍ട്ടിസ്ഥാനം പരിഗണിച്ചു കസേരകള്‍ നിരത്തുകയും ഇരിപ്പിടത്തില്‍ പേരെഴുതുകയും വേണം. പേരു രേഖപ്പെടുത്തിയ ആള്‍ പരിപാടിക്കെത്തിയില്ലെങ്കില്‍ കസേര വേദിയില്‍നിന്നു നീക്കണം.
എംപി, എംഎല്‍എ, എഐസിസി ഭാരവാഹി, കെപിസിസി ഭാരവാഹി, ഡിസിസി പ്രസിഡന്റ് എന്നിവരിലാരെങ്കിലും അവിചാരിതമായി വേദിയില്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ പരിപാടിയുടെ പ്രസക്തി കണക്കിലെടുത്ത് അവര്‍ക്ക് ഇരിപ്പിടം നല്‍കാം. എന്നാല്‍, തീരുമാനം പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റേതായിരിക്കും. വേദിയില്‍ തിക്കും തിരക്കുമുണ്ടാകാതെ നോക്കേണ്ടതു പരിപാടി സംഘടിപ്പിക്കുന്ന ഘടകത്തിന്റെ പ്രസിഡന്റിന്റെ ഉത്തരവാദിത്തമായിരിക്കും.
മാധ്യമങ്ങളില്‍ മുഖംവരാനും നേതാവാണെന്നു കാണിക്കാനും വേദിയില്‍ പ്രധാനനേതാക്കളുടെ പിന്നില്‍ നില്‍ക്കുന്നത് അനുവദിക്കില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിക്കു ബന്ധപ്പെട്ട ഘടകത്തിനു കെപിസിസിക്കു ശുപാര്‍ശ നല്‍കാം – തുടങ്ങിയ നിര്‍ദേശങ്ങളാണു പെരുമാറ്റച്ചട്ടത്തിലുള്ളത്. വാര്‍ഡ് പ്രസിഡന്റ് മുതല്‍ ബ്ലോക്ക് പ്രസിഡന്റ് വരെയുള്ളവര്‍ക്കുള്ള പൊതുമാര്‍ഗരേഖ അടുത്തിടെ കെപിസിസി നല്‍കിയിരുന്നു.