
തിരൂരങ്ങാടി: സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ് കെ.വി.റാബിയ എന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അത് വക വെക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റാബിയയെ നേരത്തെ തന്നെ അറിയാം. നെഹ്റു യുവ കേന്ദ്ര പ്രവർത്തന കാലഘട്ടത്തിൽ തന്നെ ഇവരുമായി ബന്ധമുണ്ട്. പ്രവർത്തനത്തെ അംഗീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, സ്ത്രീ സ്ത്രീ ശാക്തീകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയ രംഗത്തുള്ളവർക്ക് പ്രചോദനം കൂടിയാണ് റാബിയ എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പോലുള്ള ന്യൂനപക്ഷ പ്രാധാന്യമുള്ള ജില്ലയിലേക്ക് ദേശീയ അംഗീകാരം ലഭിച്ചത് സന്തോഷകരമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവ കേന്ദ്ര വൈസ് പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലെ ബന്ധത്തെ കുറിച്ചു മന്ത്രിയും റാബിയയും സ്മരിച്ചു. മന്ത്രിയുടെ ഭാര്യ നൽകിയ ഉപഹാരം മന്ത്രി റാബിയക്ക് കൈമാറി. ശാരീരിക അവശതകൾ കാരണം പത്മശ്രീ പുരസ്‌കാരം ഡൽഹിയിൽ പോയി സ്വീകരിക്കാൻ സാധിച്ചില്ലെന്നും, രാഷ്ട്രപതിയെയും പ്രധാനമന്ത്രി യേയും കാണാൻ ആഗ്രഹമുണ്ടെന്നും റാബിയ പറഞ്ഞപ്പോൾ, അതിന് അവസരമുണ്ടാക്കാമെന്ന് മന്ത്രി അറിയിച്ചു. കുടുംബാംഗൾക്കൊപ്പം ഫോട്ടോയും എടുത്താണ് മന്ത്രി മടങ്ങിയത്.
നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, വാർഡ് കൗണ്സിലർ അരിമ്പ്ര മുഹമ്മദ് അലി, റാബിയ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിന് രാഷ്ട്രീയത്തിന് അധീതമായി ശ്രമിക്കുമെന്ന് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യമായാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഹജ് എംബർക്കേഷൻ കരിപ്പൂരിൽ അനുവദിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി എൻ ഡി എ ഉണ്ടാകുമെന്നും ആം ആദ്മിക്ക് കേരളത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കേന്ദ്ര സർക്കാരിന് കാര്യങ്ങൾ ചെയ്യുന്നത്, അവർ പഞ്ചാബിൽ നടത്തി കാണിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് രവി തേലത്ത്, മേഖല പ്രസിഡന്റ് വി.ഉണ്ണികൃഷ്ണൻ, അഡ്വ. ശ്രീപ്രകാശ്, കെ കെ സുരേന്ദ്രൻ, പി ആർ രശ്മിൽ നാഥ്, ശ്രീരാഗ് മോഹൻ, റിജു സി.രാഘവ്, ശ്രീരാഗ് മോഹൻ, രവി മഠത്തിൽ, ഹുസൈൻ വരിക്കോട്ടിൽ, കെ.മഹേന്ദ്രൻ, തുടങ്ങി ബിജെപി ജില്ലാ മണ്ഡലം നേതാക്കൾ ഒപ്പമുണ്ടായിരുന്നു.