പേ വിഷബാധ : ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ശാശ്വതപരിഹാരവും ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കി

പെരുവള്ളൂര്‍ : പെരുവള്ളൂരിലുള്‍പ്പടെ സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റു മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ആവശ്യപ്പെട്ടും എ ബി സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ടും പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്‍ കലാം ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. പെരുവള്ളൂരില്‍ മാര്‍ച്ച് 29 ന് തെരുവു നായയുടെ കടിയേറ്റു 6 പേര്‍ ചികിത്സ തേടിയതില്‍ അഞ്ചര വയസ്സുകാരിയുടെ ജീവന്‍ നഷ്ടമായതും പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയ കുറുനരികളിലും നായയിലും പേവിഷബാധ സ്ഥിരീകരിച്ചതും ചൂണ്ടിക്കാണിച്ച് ധനസഹായവും ശാശ്വതപരിഹാരവും ആവശ്യമാണെന്ന് നിവേദനത്തില്‍ പറയുന്നു.

ജില്ലയില്‍ എ ബി സി കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മൃഗങ്ങളിലെ പേ വിഷബാധ തിരിച്ചറിയുന്നതിനുള്ള ലബോറട്ടറി, മറ്റു സൗകര്യങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കുക, പേ വിഷബാധ സാധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാല്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വ്യാപക ബോധവല്‍ക്കരണം നടത്തുക. കുറുനരി പോലുള്ള വന്യ ജീവികളിലെ പേ വിഷബാധ, ജനവാസ മേഖലകളിലെ ഇവയുടെ വര്‍ധിച്ച സാന്നിധ്യം എന്നിവയെ കുറിച്ച് പഠനം നടത്തി ഉചിതമായ നടപടി സ്വീകരിക്കുക, അക്രമകാരികളായ തെരുവുനായകളെ ഉന്‍മൂലനം ചെയ്യാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നിയമ ഭേദഗതി വരുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

ജില്ലയില്‍ മങ്കടയിലും ചീക്കോടും എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയതായി കളക്ടര്‍ അറിയിച്ചു. പെരുവള്ളൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ ജാബിറിന്റെ നേതൃത്വത്തില്‍ തെരുവു നായകള്‍ക്ക് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി വരുന്നുതിനൊപ്പം മെയ് 9 മുതല്‍ വിവിധ മേഖലകളാക്കി തിരിച്ചു ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ കെ രാജേഷ്, കീഴാറ്റൂര്‍,ചോക്കാട്, നിറമരുതൂര്‍,തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.

error: Content is protected !!