റേഡിയോ സി.യു. ഇനി ആപ്പില്‍ കേള്‍ക്കാം; നൂറാം ദിനാഘോഷത്തില്‍ ലൈവ് പരിപാടികളും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു. നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി ആപ്പ് പുറത്തിറക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘റേഡിയോ സിയു’ ആപ്പ് വഴിയും ഇനി കാമ്പസ് റേഡിയോ ആസ്വദിക്കാനാകും.   നൂറാംദിനാഘോഷം കേക്ക് മുറിച്ച് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൈവ് പരിപാടികളുടെ ഉദ്ഘാടനവും റേഡിയോ ആപ്പ്, തീം സോങ് എന്നിവയുടെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററാണ് ആപ്പ് തയ്യാറാക്കിയത്. യു. അനൂപ് രചനയും സംഗീതവും നിര്‍വഹിച്ച പ്രമേയ ഗാനം പാടിയിരിക്കുന്നത് ഗായികയും കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയുമായ സിത്താര കൃഷ്ണകുമാറാണ്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ തോമസ്, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, റേഡിയോ ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ശ്രീകല മുല്ലശ്ശേരി, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡോ. സി.ഡി. രവികുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍മാന്‍ സ്നേഹില്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യത്യസ്തങ്ങളായ വിനോദ-വിജ്ഞാന പരിപാടികളുമായി റേഡിയോ സി.യു. കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പഠന പരിപാടികളും വൈകാതെ പ്രക്ഷേപണം ചെയ്യും. നിലവില്‍ വിവിധ രാജ്യങ്ങളിലായി എഴുപതിനായിരത്തോളം ശ്രോതാക്കളാണ് റേഡിയോ സി.യുവിനുള്ളത്.

error: Content is protected !!