കല്‍പ്പറ്റ : വയനാടും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തി വയനാട് ഒഴിയുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത് സഹോദരി പ്രിയങ്ക ഗാന്ധി. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലേക്കെത്തുന്നത്. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും. സംസ്ഥാനത്ത് യുഡിഎഫിന്റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്‌സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ല്‍ അധികം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തില്‍ തന്നെയാണ്. രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.