തിരൂരങ്ങാടി : താനൂരില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി 11 മണിയോടെയാണ് താനൂര്‍ കാരാട് മുനമ്പം പ്രദേശത്ത് വെച്ച് താനൂര്‍ യൂണിറ്റ് ട്രോമോ കെയര്‍ ലീഡര്‍ അബ്ബാസ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുലി ബൈക്കിന് കുറകെ ചാടുകയും പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചത് കാരണം ബൈക്ക് മറിയുകയും ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പുലി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോകുകയും ചെയ്തു എന്നും അബ്ബാസ് പറയുന്നു. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ഇന്നലെ തിരൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ തുമരക്കാവ് പുലിയെ കണ്ടെത്തിയതായി അഭ്യൂഹം ഉണ്ടായിരുന്നു, ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 11.30-ന് പൂക്കയില്‍നിന്ന് കാക്കടവ് പാടത്തിനടുത്ത് പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് താനാളൂര്‍ മൂന്നാംമൂലയിലേക്ക് പോകുമ്പോള്‍ നായയെ പുലി കടിച്ച് കാട്ടിലേക്ക് ഓടുന്നത് കണ്ടതായി ഓട്ടോ ഡ്രൈവര്‍ പുതുക്കനാട്ട് മുഹമ്മദ് അനീസ് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടിയും കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്തയും സ്ഥലത്തെത്തി പോലീസിനെയും വനം അധികൃതരെയും വിവരമറിയിച്ചു. റെയില്‍പാളത്തിനോടു ചേര്‍ന്നാണ് കാടുപിടിച്ചുകിടക്കുന്ന ഈ പ്രദേശം. ജലസമൃദ്ധമായ കുളങ്ങളും ഈ കാടിനോടു ചേര്‍ന്നുണ്ട്.
ടി.ഡി.ആര്‍.എഫ്. വൊളന്റിയര്‍മാരായ സലാം അഞ്ചുടി, ഷെഫീഖ് ബാബു താനൂര്‍, ഉഷ തിരൂര്‍ എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമൊത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലിയിറങ്ങിയെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. ജാഗ്രത പാലിക്കണമെന്ന് നഗരസഭാ ഉപാധ്യക്ഷന്‍ പി. രാമന്‍കുട്ടിയും പോലീസും നാട്ടുകാരോടാവശ്യപ്പെട്ടു. ഈ പ്രദേശത്ത് മുള്ളന്‍പന്നിയെയും കുറുക്കന്‍മാരെയും ഇടയ്ക്കിടെ കാണാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.