
പെരുവള്ളൂര്‍ :ദിനേന അഞ്ഞൂറിലധികം രോഗികള്‍ പരിശോധനക്കെത്തുന്ന പെരുവള്ളൂര്‍ സി എച്ച് സിയില്‍ ബദല്‍ സംവിധാനമൊരുക്കാതെ നിലവിലെ പഴയതും പുതിയതുമായ ചില കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയത് മൂലം പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ പുതിയ കെട്ടിടങ്ങളുടെയും ഐസൊലേഷന്‍ ബ്ലോക്കിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കിടത്തി ചികിത്സ ലഭ്യമാക്കാനെന്നു പറഞ്ഞു ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സി എച്ച് സി യെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള തസ്തിക സൃഷ്ടിക്കാതിരുന്നതിനാല്‍ ഈ ആരോഗ്യ കേന്ദ്രം വീണ്ടും സി എച്ച് സി ആയി അറിയപ്പെടുകയായിരുന്നു. നിലവിലെ കെട്ടിടങ്ങള്‍ ദീര്‍ഘ വീക്ഷണമില്ലാതെ പൊളിച്ചു മാറ്റിയതിനാല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും സ്റ്റാഫിനും വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ അനാസ്ഥ മൂലം അവശരായ രോഗികള്‍ക്ക് വേണ്ട മിനിമം അടിസ്ഥാന സൗകര്യങ്ങളില്‍ പലതും ഇപ്പോള്‍ നിലവിലില്ല.
1.87 കോടി ചിലവില്‍ ഐസൊലേഷന്‍ ബ്ലോക്കിന്റെ നിര്‍മാണം ഒന്നര വര്‍ഷം മുമ്പ് തുടങ്ങി വെച്ചെങ്കിലും കാരാറുകാരുടെ കെടുകാര്യസ്ഥത മൂലം തുടക്കത്തില്‍ തന്നെ നിര്‍മാണം നിലച്ചു പോയി.
കരാറുകാരനെതിരെ നിയമ നടപടി സ്വീകരിച്ചു മറ്റൊരാള്‍ക്ക് ഒരു മാസത്തിനകം വര്‍ക്ക് കൈമാറുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടില്ല. ആശുപത്രിക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സമഗ്ര മാസ്റ്റര്‍പ്ലാനിലെ ഗുരുതരമായ അപാകതകള്‍ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ മാസം 26ന് മലപ്പുറത്ത് ആര്‍ ജെ ഡി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന വി പി സിംഗ് അനുസ്മരണ പരിപാടി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കെ സി കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി. എഞ്ചിനിയര്‍ ടി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എംഎ അബ്ദുല്‍ ഖാദര്‍, കൊണ്ടാടന്‍ സെയ്തു, സന്തോഷ് തട്ടാരക്കല്‍, സൈദലവി കുട്ടശ്ശേരി, നിസാം എം സി, ശമീര്‍ കല്ലുങ്ങല്‍, എന്‍ കെ അബ്ദുല്‍ കരീം, എം കെ സുബ്രഹ്‌മണ്യന്‍, മുഹമ്മദ് പറപ്പൂകടവത്ത് എന്നിവര്‍ സംസാരിച്ചു.