സാധാരണക്കാരന്റെ നീതിപീഠമാണ് വിവരാവകാശ നിയമം: സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം

സാധാരണക്കാരന് നീതി തേടാവുന്ന നീതിപീഠമാണ് വിവരാവകാശ നിയമവും കമ്മിഷനുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ ഹക്കിം. തിരൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന തെളിവെടുപ്പിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാകാശ നിയമ പ്രകാരം അപേക്ഷകന് വിവരങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് ബന്ധപ്പെട്ട നിയമം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് കരുതേണ്ടത്. അപേക്ഷ ലഭിച്ചപ്പോഴോ അപ്പീൽ സമയത്തോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തീർപ്പാക്കാനാവാത്തതിനാലാണ് അപേക്ഷകർ കമ്മിഷന് മുമ്പാകെ എത്തുന്നത്. അതിനാൽ നൽകാനാവുന്ന വിവരങ്ങളാണെങ്കിൽ ഉദ്യോഗസ്ഥർ എത്രയും വേഗത്തിൽ തന്നെ അത് അപേക്ഷകന് നൽകണം. അതേസമയം ഉദ്യോഗസ്ഥരെ മനഃപൂർവം ദ്രോഹിക്കാനായി വിവരാവകാശ നിയമം ആയുധമാക്കുന്നവരെ കമ്മിഷൻ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം വിവരം നൽകിയാൽ മതിയെന്ന നിലപാട് ശരിയല്ല. സാധിക്കുമെങ്കിൽ അഞ്ച് ദിവസത്തിനകം തന്നെ അപേക്ഷകന് വിവരം കൈമാറണം. ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം വിവരം യഥാസമയം നൽകാതെ വന്നാൽ ബന്ധപ്പെട്ട സേവനം അപേക്ഷകന് സൗജന്യമായി തന്നെ ലഭ്യമാക്കണം. കൂടാതെ വിവരാവകാശ അപേക്ഷകൾക്ക് മറുപടിയല്ല, മറിച്ച് വിവരമാണ് ലഭ്യമാക്കേണ്ടതെന്നും കമ്മിഷൻ ഓർമിപ്പിച്ചു.

മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 23 കേസുകളാണ് കമ്മിഷൻ പരിഗണിച്ചത്. തെളിവെടുപ്പിൽ വിവിധ വകുപ്പുകളിലെ പൊതുബോധന ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും അപ്പീൽ ഹരജിക്കാരും പങ്കെടുത്തു.

error: Content is protected !!