
ചേളാരി: 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർക്കോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കും. സഊദി, യു.എ.ഇ., ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഈജിപ്ത്, ഇറാഖ്, മൊറോക്കോ, ലണ്ടൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ ദ്വീപ് എന്നിവിടങ്ങൡ നിന്നുമായി 99 പതാകകൾ 2026 ഫെബ്രുവരി 2 ന് വരക്കലിൽ എത്തിക്കും. സമ്മേളന നഗിരിയിൽ ഉയർത്താനുള്ള പ്രധാന പതാക വരക്കൽ മഖാമിൽ നിന്നു സ്വീകരിച്ച് 100 പതാകകൾ ഒന്നിച്ച് ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് കാസർക്കോട്ടേക്ക് കൊണ്ടുപോവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകം നിശ്ചയിക്കുന്ന നായകരുടെ നേതൃത്വത്തിലാണ് പതാകകൾ വരക്കലിൽ എത്തിക്കുക.
ഫെബ്രുവരി 2 ന് വൈകു. 4 മണിക്ക് 99 പതാക യാത്രക്ക് വരവേൽപ് നൽകും. പിറ്റേന്ന് രാവിലെ 9 മണിക്ക് വരക്കലിൽ നിന്നും 100 പതാകകൾ ഒന്നിച്ച് കാസർക്കോട് തളങ്കര മാലിക് ദീനാർ പള്ളി പരിസരത്ത് എത്തിച്ചേരും. 4ന് ഉച്ചയ്ക്കു ഘോഷയാത്രയായി കുണിയയിലേക്ക് പതാക വാഹക യാത്ര പുറപ്പെടും. സമ്മേളന നഗരിക്കു നിശ്ചിത അകലെ വെച്ച് വളണ്ടിയർമാരുടെ മാർച്ചോടെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ പ്രവേശിക്കും. പതാക വാഹക യാത്രക്ക് വേണ്ടി നിയോഗിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ ഒരുക്കങ്ങൾ നടന്നുവരുന്നു.