സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ


ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താരങ്ങൾ ഫുട് ബോൾ പരിശീലിപ്പിക്കുന്ന വൺ മില്യൻ ഗോൾ പദ്ധതി സന്തോഷ് ട്രോഫിയ്ക്ക് ശേഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പ്രകാശന പരിപാടിയിൽ പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായി. ജില്ല ആതിഥ്യമരുളുന്ന സന്തോഷ് ട്രോഫി മത്സരത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എം.എൽ.എ പറഞ്ഞു. മലപ്പുറം എം.എസ്.പി കമാന്ററായിരുന്ന അന്തർദേശീയ ഫുട്ബോളർ യു.ഷറഫലി, മുൻ ജില്ലാ പോലീസ് മേധാവിയും ദേശീയ ഫുട്ബോളറുമായ യു. അബ്ദുൾ കരീം, ദേശീയ ഫുട്ബോളർ സക്കീർ , സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.പി അനിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.പി അഷ്റഫ്, സെക്രട്ടറി ഡോ.പി.എം സുധീർ കുമാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗം അഡ്വ. ടോം.കെ. തോമസ്, പി അഷ്റഫ് എന്നിവർ സംസാരിച്ചു. എ.ഡി.എം എൻ എം മെഹറലി സ്വാഗതവും സ്പോർട്സ് കൗൺസിൽ ജില്ലാ സെക്രട്ടറി എച്ച്.പി അബ്ദുൾ മഹ്റൂഫ് നന്ദിയും പറഞ്ഞു.
ഏപ്രിൽ 16 മുതൽ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടരുകയാണ്. തൃശൂർ കേച്ചേരി സ്വദേശിയായ വി.ജെ പ്രദീപ് കുമാറാണ് സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം രൂപകൽപ്പന ചെയ്തത്. ഇദ്ദേഹത്തിന് 50000 രൂപ ക്യാഷ് അവാർഡ് നൽകും.

error: Content is protected !!