എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി തെറിച്ചു

തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ നീക്കി. ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കു പോയത്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തില്‍ ഇപിയുമായി 3 വട്ടം ചര്‍ച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തില്‍ ഇ പിയുടെ വിശദീകരണം. ഇ.പിക്കെതിരെ അച്ചടക്ക നടപടിയെടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത് ഇ.പിക്ക് ഉള്‍ക്കൊള്ളാനായില്ല. കുറച്ചുകാലമായി മുന്നണി യോഗങ്ങളില്‍ പങ്കെടുക്കാതെ ഇ.പി പ്രതിഷേധത്തിലായിരുന്നു. നാളെ മുതല്‍ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. അതിനിടയില്‍ ഇത്തരം നടപടികള്‍ പാര്‍ട്ടിക്കു സാധ്യമല്ല. അതിനാല്‍ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി നടപടി സ്വീകരിക്കുകയായിരുന്നു.

error: Content is protected !!